
ഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നില്ലെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കിയത്. ഡിസംബർ 2023 മുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2018 മുതൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്ത കശ്മീരിൽ ഏറെ നാളത്തെ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുക. 2018 നവംബർ 28നാണ് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് നിയമസഭായെ പിരിച്ചുവിട്ടത്. മെഹ്ബൂബ മുഫ്തി കോൺഗ്രസിനും നാഷണൽ കോൺഫെറൻസിനുമൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഗവർണർ ഭരണം ഏർപ്പെടുത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ സുപ്രീം കോടതി, 2024 സെപ്തംബറിൽ ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താനും സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
ജമ്മു കശ്മീരിലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിയതി ഇന്ന് പ്രഖ്യാപിച്ചു. അഞ്ച് ഘട്ടമായാണ് ജമ്മു കശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. ജൂൺ നാലിന് വോട്ടെണ്ണും. ജൂൺ നാലിന് തന്നെ ഫലം പ്രഖ്യാപിക്കും. ഒന്നാം ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് 7നും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20 നും നടക്കും.
ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ പത്രികാ സമര്പ്പണം മാര്ച്ച് 28ന് തുടങ്ങി ഏപ്രില് നാലിന് അവസാനിക്കും. സൂക്ഷ്മപരിശോധന ഏപ്രില് അഞ്ചിനാണ്. നോമിനേഷൻ പിന്വലിക്കാനുള്ള അവസാന തീയതി ഏപ്രില് എട്ടിനാണ്. ജൂൺ നാലിനാണ് വോട്ടെണ്ണല്.
ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. ഒന്നാംഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നാണ്. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനാണ്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലേയ്ക്കാണ് മൂന്നാം ഘട്ടം വോട്ടെടുപ്പ്. നാലാംഘട്ടം മെയ് 13നാണ്. 10 സ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20നാണ്. എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നാണ്. ഏഴ് സംസ്ഥാനങ്ങളിലായി 57 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. അവസാനഘട്ടം ജൂണ് ഒന്നിനാണ്. ഏഴാം ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ആന്ധ്രയിലും ഒഡീഷയിലും അരുണാചലിലും സിക്കിമിലും നിയമസഭ തിരഞ്ഞെടുപ്പ്; തിയതി പ്രഖ്യാപിച്ചു