
ന്യൂഡല്ഹി: വനിതകള്ക്ക് വമ്പന് പ്രഖ്യാപനവുമായി കോണ്ഗ്രസ്. സര്ക്കാര് ജോലികളില് വനിതകള്ക്ക് 50% സംവരണവും നിര്ധനരായ സത്രീകള്ക്ക് പ്രതിവര്ഷം ഒരുലക്ഷം രൂപ ധനസഹായവും നല്കുമെന്ന് രാഹുല് ഗാന്ധി പ്രഖ്യാപിച്ചു. 'മഹിളാ ന്യായ്' ഗ്യാരന്റി എന്ന പേരില് അഞ്ച് പദ്ധതികള് ആണ് കോണ്ഗ്രസ് ബുധനാഴ്ച പുറത്തിറക്കിയത്.
ആശ വര്ക്കര്മാര്ക്കും അങ്കണവാടി ജീവനക്കാര്ക്കും ഉച്ചഭക്ഷണം ഉണ്ടാക്കുന്നവര്ക്കും കേന്ദ്ര വിഹിതം ഇരട്ടിയാക്കും. സ്ത്രീകളെ അവര്ക്കുള്ള അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും നിയമപരമായ അവകാശങ്ങള് നേടിയെടുക്കാന് സഹായിക്കാനും പഞ്ചായത്തില് തസ്തിക രൂപീകരിക്കും. ജോലി ചെയ്യുന്ന വനികള്ക്കായി എല്ലാ ജില്ലകളിലും ഒരു ഹോസ്റ്റല് എന്നിവയാണ് പദ്ധതികള്.
ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധുലെയില് നടന്ന മഹിള സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. സ്ത്രീകളുടെ അവകാശങ്ങളും അവസരങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിന് പാര്ട്ടിയുടെ പിന്തുണയുണ്ടാവുമെന്നും രാഹുല് പറഞ്ഞു.
നാരി ന്യായ് ഗ്യാരണ്ടിയിലൂടെ രാജ്യത്തെ സ്ത്രീകള്ക്കായി പാര്ട്ടി ഒരു പുതിയ അജണ്ട നിശ്ചയിക്കാന് പോവുകയാണെന്ന് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെ പറഞ്ഞു.