
/topnews/national/2024/03/12/sbi-submits-details-of-electoral-bonds-to-election-commission-of-india
ന്യൂഡൽഹി: ഇലക്ഷൻ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാൻ സുപ്രീം കോടതി അനുവദിച്ച സമയ പരിധി അവസാനിക്കാനിരിക്കെയാണ് വിവരങ്ങൾ കൈമാറിയത്. ഇലക്ടറല് ബോണ്ട് വിശദാംശങ്ങള് എസ്ബിഐ ഇന്ന് കൈമാറണം. വൈകിട്ട് 5.30ന് മുന്പ് വിശദാംശങ്ങള് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇലക്ടറല് ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് തുടങ്ങിയ വിവരങ്ങള് പ്രത്യേകം സമര്പ്പിച്ചാല് മതി എന്നും കോടതി നിർദ്ദേശിച്ചിരുന്നു. കോടതി നിഷ്കർഷിച്ച സമയപരിധിക്കുള്ളിൽ വിശദാംശങ്ങള് നല്കുവാന് സാധിച്ചില്ലെങ്കില് കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്കിയിരുന്നു.
എസ്ബിഐ കൈമാറുന്ന വിവരങ്ങള് തിരഞ്ഞെടുപ്പ് കമ്മീഷന് മാര്ച്ച് 15നകം പരസ്യപ്പെടുത്തണമെന്നും കോടതി നിര്ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു വിധി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം 2018 മുതല് 2022 മാര്ച്ച് വരെ 5271 കോടി രൂപ ബോണ്ടുകള് വഴി ബിജെപിക്ക് ലഭിച്ചപ്പോള് മുഖ്യപ്രതിപക്ഷമായ കോണ്ഗ്രസിന് ലഭിച്ചത് 952 കോടി രൂപയായിരുന്നു. എവിടെ
നേരത്തെ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എസ്ബിഐ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതല് രാഷ്ട്രീയ പാര്ട്ടികള്ക്ക് ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള് പരസ്യപ്പെടുത്താന് സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എസ്ബിഐയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ഇന്ന് വൈകീട്ട് വിവരങ്ങൾ കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടത്.
എസ്ബിഐയ്ക്കെതിരെ രൂക്ഷവിമര്ശനമാണ് കോടതി ഉന്നയിച്ചത്. വിധി പ്രസ്താവിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും വിധി നടപ്പാക്കുന്നതിന് എന്ത് നടപടിയാണ് എസ്ബിഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നും കോടതി ചോദിച്ചിരുന്നു. വിവരങ്ങള് പരസ്യപ്പെടുത്താനാണ് ആവശ്യപ്പെട്ടതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിവരങ്ങള് പരസ്യമാക്കരുതെന്നാണ് നിബന്ധനയെന്നായിരുന്നു എസ്ബിഐയുടെ മറുപടി. ബോണ്ട് വാങ്ങുന്നതിന് കെവൈസി നല്കുന്നുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. പരസ്യപ്പെടുത്താന് എന്തൊക്കെ നടപടികള് സ്വീകരിച്ചുവെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. നടപടി വിവരങ്ങള് അപേക്ഷയിലില്ലെന്നും കോടി ചൂണ്ടിക്കാണിച്ചു. എസ്ബിഐ മനഃപ്പൂര്വ്വം കോടതി നടപടികള് അനുസരിച്ചില്ലെന്നും കോടതി വിമർശിച്ചിരുന്നു. ഇലക്ടറൽ ബോണ്ടിനെതിരായി സിപിഐഎം, അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, കോണ്ഗ്രസ് നേതാവ് ജയ താക്കൂര് എന്നിവരായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്.