
ന്യൂഡൽഹി: ഭാരതീയ ജനതാ പാര്ട്ടി ജെജെപി സഖ്യം തകര്ന്നതിന് പിന്നാലെ അനന്തരവനും ജന്യക് ജനതാ പാര്ട്ടി നേതാവുമായി ദുഷ്യന്ത് ചൗട്ടാലയെ പരിഹസിച്ച് ഇന്ത്യന് നാഷണല് ലോക്ദള് നേതാവ് അഭയ് സിംഗ് ചൗട്ടാല. വഞ്ചനയുടെ അടിസ്ഥാനത്തില് നിര്മ്മിച്ച അടിത്തറ നശിപ്പിക്കപ്പെടും എന്നായിരുന്നു അഭയ് ചൗട്ടാല എക്സ് പ്ലാറ്റ്ഫോമില് കുറിച്ചത്. ബിജെപി-ജെജെപി സഖ്യം അവസാനിച്ചതിന് പിന്നാലെ മനോഹര്ലാല് ഖട്ടാര് സര്ക്കാരില് ഉപമുഖ്യമന്ത്രിയായിരുന്ന ദുഷ്യന്ത് ചൗട്ടാലയ്ക്ക് സ്ഥാനം നഷ്ടമായിരുന്നു.
ചൗട്ടാല കുടുംബത്തിലെ ചേരിപ്പോരിനെ തുടര്ന്ന് ഐഎന്എല്ഡി പിളര്ന്നാണ് ജെജെപി രൂപം കൊണ്ടത്. അജയ് ചൗട്ടാലയുടെ മക്കളായ ദുഷ്യന്തിനെയും ദിഗ്വിജയെയും ഐഎന്എല്ഡി നിന്ന് പുറത്താക്കിയതിന് പിന്നാലെ അവര് 2018 ല് ജെജെപി രൂപീകരിക്കുകയായിരുന്നു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില് ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപി 10 സീറ്റുകളില് വിജയിച്ചിരുന്നു. ഖട്ടാര് സര്ക്കാരില് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രി പദവിയും വഹിച്ചിരുന്നു.
നിലവില് 90 അംഗ സംസ്ഥാന നിയമസഭയില് ബിജെപിക്ക് 41 അംഗങ്ങളുണ്ട്, കൂടാതെ ഏഴ് സ്വതന്ത്രരില് ആറ് പേരുടെയും ഹരിയാന ലോക്ഹിത് പാര്ട്ടി എംഎല്എ ഗോപാല് കാണ്ഡയുടെയും പിന്തുണയുണ്ട്. ജെജെപിയുടെ അഞ്ച് എംഎല്എമാര് ബിജെപി പാളയത്തിലെത്തുമെന്നും റിപ്പോര്ട്ടുകളുണ്ട്.
ജെജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ മനോഹര് ലാല് ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സര്ക്കാര് രാജിവെച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രിയായി നായബ് സിങ് സൈനി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. മുഖ്യമന്ത്രിക്കൊപ്പം ബിജെപി നേതാക്കളായ കന്വാര് പാല് ഗുജ്ജര്, മുല്ചന്ദ് ശര്മ എന്നിവര്ക്കൊപ്പം സ്വതന്ത്ര എംഎല്എ രഞ്ജിത്ത് സിംഗും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.