
ന്യൂഡൽഹി: സീറ്റ് വിഭജന ചർച്ചകൾക്കിടെ മുംബൈയിലെ നോർത്ത്-വെസ്റ്റ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ഉദ്ധവ് താക്കറെയെ വിമർശിച്ച് പ്രമുഖ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ വിഭാഗം), കോൺഗ്രസ് എന്നിവയുടെ സഖ്യമായ മഹാവികാസ്അഘാടി (എംവിഎ) നിലവിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചയിലാണ്. ഉദ്ധവ് താക്കറെയെ ശിവസേനയുടെ ശേഷിക്കുന്ന നേതാവ് എന്നാണ് സഞ്ജയ് നിരുപം വിശേഷിപ്പിച്ചത്. മുംബൈ നോർത്ത്-വെസ്റ്റ് മണ്ഡലത്തിലെ ശിവസേന സ്ഥാനാർത്ഥിയായി അമോൽ കീർത്തികറിനെ പ്രഖ്യാപിച്ചതിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
"ശേഷിക്കുന്ന ശിവസേനയുടെ തലവൻ അന്ധേരിയിലെ നോർത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലത്തിലെ മഹാവികാസ്അഘാടി സ്ഥാനാർത്ഥിയെ ഇന്നലെ വൈകുന്നേരം പ്രഖ്യാപിച്ചു. രാത്രി മുതൽ കോളുകൾ വരുന്നുണ്ട്. എംവിഎയുടെ രണ്ട് ഡസൻ യോഗങ്ങൾ നടന്നിട്ടും സീറ്റ് പങ്കിടൽ സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. ഇതുവരെ എടുത്തിട്ടില്ല. അപ്പോൾ ശിവസേനയുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് സഖ്യ ധർമ്മ ലംഘനമല്ലേ. അതോ കോൺഗ്രസിനെ അപമാനിക്കാനാണോ ബോധപൂർവം ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നത്? കോൺഗ്രസിൻ്റെ ഉന്നത നേതൃത്വം ഇടപെടണം,” നിരുപം സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു.
മാത്രവുമല്ല, അമോൽ കീർത്തികറിനെതിരെ അഴിമതി ആരോപണമുണ്ടനെനും അദ്ദേഹം ആരോപിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം നൽകുന്നതിനായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആരംഭിച്ച പദ്ധതിയിൽ അഴിമതി കാണിച്ചെന്നാണ് സഞ്ജയ് നിരുപം ആരോപിച്ചത്.