
കൊൽക്കത്ത: സന്ദേശ്ഖാലി കേസിലെ പ്രധാനപ്രതി ഷെയ്ഖ് ഷാജഹാന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട തർക്കത്തിൽ വഴിത്തിരിവ്. പ്രതിയെ സിബിഐയ്ക്ക് കൈമാറുന്നതിൽ പൊലീസിന് കൽക്കട്ട ഹൈക്കോടതി അന്തിമസമയം നൽകിയിരിക്കുകയാണ്. ഇന്ന് വൈകിട്ട് 4.15 ന് മുമ്പ് പ്രതിയെ സിബിഐക്ക് കൈമാറണമെന്നാണ് വിധിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹാരിഷ് തണ്ടൻ, ജസ്റ്റിസ് ഹിരൺമയി ഭട്ടാചാര്യ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ത്രിണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ഷെയ്ഖ് ഷാജഹാനെ സിബിഐയ്ക്ക് കൈമാറാൻ ഇന്നലെ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉത്തരവ് ചോദ്യം ചെയ്ത് മമതാ ബാനർജി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഇന്നലെ ഷാജഹാന്റെ കസ്റ്റഡി ആവശ്യപ്പെട്ടെത്തിയ സംഘത്തെ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് കാണിച്ച് പൊലീസ് മടക്കി അയച്ചിരുന്നു. എന്നാൽ ബംഗാൾ സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളിയതോടെ ഷാജഹാനെ സിബിഐയ്ക്ക് കൈമാറാൻ നിർബന്ധിതരായിരിക്കുകയാണ് ബംഗാൾ പൊലീസ്.
സുപ്രീം കോടതി ഉത്തരവ് സ്റ്റേ ചെയ്യാത്തതിനാൽ ഷാജഹാനെ ഇന്ന് വൈകിട്ടോടെ സിബിഐയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഫെഡറലിസത്തിനെതിരാണ് ഹൈക്കോടതി വിധിയെന്നാണ് ബംഗാൾ സർക്കാരിന്റെ വാദം. ഇടക്കാല ഉത്തരവിൽ അടിയന്തര ഇടപെടൽ വേണം എന്നതാണ് അവരുടെ ആവശ്യമെന്ന് ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ്വി പറഞ്ഞു.
സന്ദേശ് ഖാലിയില് സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വിഷയത്തില് കുറ്റാരോപിതനായ തൃണമൂല് കോണ്ഗ്രസ് നേതാവ് ഷാജഹാന് ഒളിവില് പോയി ഒരു മാസം കഴിഞ്ഞാണ് ബംഗാള് പൊലീസിന്റെ പിടിയിലാകുന്നത്. റേഷന് അഴിമതിക്കേസിലും പ്രതിയാണ് ഇയാൾ. നോര്ത്ത് 24 പര്ഗാനസില് ഷാജഹാന് ഷെയ്ക്കിന്റെ വീട് റെയ്ഡ് ചെയ്യാന് പോയ ഉദ്യോഗസ്ഥരെ ആള്ക്കൂട്ടം ആക്രമിച്ചിരുന്നു.
പശ്ചിമ ബംഗാള് ബിജെപി നേതാവ് സുവേന്ദു അധികാരി, ഷാജഹാന് ഷെയ്ഖിന്റെ അറസ്റ്റിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല് പൊലീസ് കസ്റ്റഡിയില് ഷാജഹാന് ഷെയ്ഖ് സുരക്ഷിതനാണെന്നും സുവേന്ദു വിമര്ശിച്ചു. മുഖ്യമന്ത്രി മമത ബാനര്ജിയുടെ പൊലീസും ഷാജഹാന് ഷെയ്ഖും തമ്മിലുള്ള ഒത്തുകളിയാണ് അറസ്റ്റെന്നാണ് ആരോപണം. കസ്റ്റഡിയിലിരിക്കുന്ന ഷാജഹാന് ഷെയ്ഖിന് ഫൈവ് സ്റ്റാര് സൗകര്യങ്ങളാണ് നല്കുന്നതെന്നും മൊബൈല് ഫോണും മെത്തയടക്കമുള്ള കിടക്കയും പൊലീസ് ഏര്പ്പെടുത്തിയിട്ടുണ്ടെന്നും സുവേന്ദു അധികാരി ആരോപിച്ചിരുന്നു.