
ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പില് കൂറുമാറി ബിജെപി സ്ഥാനാര്ഥിക്ക് വോട്ട് ചെയ്ത ആറ് കോണ്ഗ്രസ് എംഎല്എമാരെ അയോഗ്യരാക്കി. സ്പീക്കർ കുൽദീപ് സിംഗ് പതാനിയയുടേതാണ് നടപടി. രജീന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടൂ, രവി താക്കൂർ, ചേതന്യ ശർമ എന്നിവരാണ് അയോഗ്യരായ എംഎൽഎമാർ.
കോണ്ഗ്രസ് ചിഹ്നത്തില് മത്സരിച്ച ആറ് എംഎല്എമാര് കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തില് അവരുടെ നിയമസഭാ അംഗത്വം റദ്ദാക്കുന്നുവെന്ന് സ്പീക്കര് പറഞ്ഞു. കോണ്ഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പാര്ട്ടിയുടെ ആറ് എംഎല്എമാരും സര്ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെ രാജ്യസഭാ തിരഞ്ഞെടുപ്പില് പാര്ട്ടിയുടെ സ്ഥാനാര്ഥി മനു അഭിഷേക് സിംഘ്വി പരാജയപ്പെട്ടിരുന്നു.
കേവലം 25 എംഎൽഎമാരുള്ള ബിജെപി ഹിമാചൽ പ്രദേശ് സർക്കാരിനെ അട്ടിമറിക്കാൻ അധികസമയം പ്രവർത്തിക്കുകയാണോയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അയോഗ്യരാക്കപ്പെട്ട ആറ് എംഎൽഎമാരെ ഒഴിവാക്കിയാൽ, 62 അംഗ സഭയിൽ കോൺഗ്രസിന് ഇപ്പോൾ 34 എംഎൽഎമാരാണുള്ളത്. കോൺഗ്രസിനെ പിന്തുണച്ച മൂന്ന് സ്വതന്ത്ര എംഎൽഎമാരും രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തു.