
ബെംഗളൂരു: രാജ്യസഭാ തിരഞ്ഞെടുപ്പില് കര്ണാടകയിലെ കോണ്ഗ്രസ് നേതാവ് സെയിദ് നസീര് ഹുസൈന് വിജയിച്ചതിന് പിന്നാലെ അനുയായികള് പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ചൊവ്വാഴ്ച വൈകുന്നേരം രാജ്യസഭാ തിരഞ്ഞെടുപ്പിൽ സയ്യിദ് നസീർ ഹുസൈൻ്റെ വിജയം കോൺഗ്രസ് പ്രവർത്തകർ ആഘോഷിക്കുമ്പോൾ ചിലർ “നസീർ സിന്ദാബാദ്” എന്നതിനൊപ്പം “പാകിസ്ഥാൻ സിന്ദാബാദ്” മുദ്രാവാക്യം വിളിച്ചതായാണ് ആരോപണം. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു.
പുറത്ത് വന്ന വീഡിയോ സർക്കാർ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് (എഫ്എസ്എൽ) റഫർ ചെയ്തിരുന്നു. “പാകിസ്ഥാന് അനുകൂലമായി ഉയർത്തിയ മുദ്രാവാക്യം ശരിയാണെന്ന് എഫ്എസ്എൽ റിപ്പോർട്ട് തെളിയിക്കുകയാണെങ്കിൽ, ഇക്കാര്യത്തിൽ ഗുരുതരമായ നടപടിയെടുക്കും. പാക്കിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചവരെ സംരക്ഷിക്കുന്ന പ്രശ്നമില്ല'', സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി അടക്കമുള്ളവര് വിഷയത്തില് കോണ്ഗ്രസിനെ വിമര്ശിച്ച് രംഗത്തെത്തിയിരുന്നു.
വിധാന് സൗധയില് കോണ്ഗ്രസ് പ്രവര്ത്തകര് പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച അദ്ദേഹം നസീര് ഹുസൈന് തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു. കോണ്ഗ്രസ് ഇപ്പോള് പാകിസ്ഥാനെ പരസ്യമായി പിന്തുണയ്ക്കാന് തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ആഹ്ളാദ പ്രകടനം നടത്തിയ ജനക്കൂട്ടത്തിനിടയില് താൻ ഉണ്ടായിരുന്നുവെന്നും പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത് താന് കേട്ടില്ലെന്നമായിരുന്നു നസീര് ഹുസൈന്റെ പ്രതികരണം.