
ഡൽഹി: കർഷകരുടെ ദില്ലി ചലോ സമരത്തിനിടെ ഖനോരി അതിര്ത്തിയില് കൊല്ലപ്പെട്ട യുവ കര്ഷകന് ശുഭ് കരണ് സിങ്ങിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച ഒരുകോടി രൂപ നഷ്ടപരിഹാരം നിരസിച്ചു. ശുഭ് കരണ് സിങ്ങിന്റെ സഹോദരിക്ക് സര്ക്കാര് ജോലി നൽകുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് പ്രഖ്യാപിച്ചിരുന്നു.
മകൻ്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും പണമല്ല മകന് നീതിയാണ് വേണ്ടതെന്നും കുടുംബം പറഞ്ഞു. മകൻ്റെ മരണത്തിന് പകരം വയ്ക്കാൻ ഒരുകോടി രൂപയ്ക്കോ കുടുംബാംഗങ്ങളിൽ ഒരാൾക്കുള്ള ജോലിക്കോ സാധിക്കില്ല എന്നും കുടുംബം ആരോപിച്ചു. അതേസമയം, കർഷകർക്കെതിരെ ദേശ സുരക്ഷാനിയമം ചുമത്തില്ല എന്ന് അംബാല ഐജിപി പറഞ്ഞു. കർഷകർ സംയമനം പാലിക്കണം. നിയമങ്ങൾ പാലിക്കാൻ കർഷക നേതാക്കൾ ശ്രദ്ധിക്കണം എന്നും ഹരിയാന പൊലീസ് വ്യക്തമാക്കി.
കർഷക സമരം 11ാം ദിവസവും തുടരുകയാണ്. ഹരിയാന പൊലീസ് നടപടിയില് യുവകര്ഷകന് കൊല്ലപ്പെട്ടതില് സംയുക്ത കിസാന് മോര്ച്ച ഇന്ന് രാജ്യവ്യാപക കരിദിനം ആചരിക്കുകയാണ്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സംയുക്ത കിസാന് മോര്ച്ചയുടെ തീരുമാനം. തിങ്കളാഴ്ച പഞ്ചാബിലെയും ഹരിയാനയിലെയും ദേശീയപാതകള് ട്രാക്ടര് ഉപയോഗിച്ച് ഉപരോധിക്കും.