
കൊൽക്കത്ത: പെണ്വാണിഭക്കേസിൽ പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സബ്യസാചി ഘോഷ് അറസ്റ്റില്. സന്ദേശ്ഖാലിയിലെ ലൈംഗീകാതിക്രമ വിഷയത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി നിരന്തരം ആരോപണങ്ങൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം. ഹൗറയിലെ സങ്ക്രെയിലിലെ തന്റെ സ്വന്തം ഹോട്ടലില് ആണ് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ ഉപയോഗിച്ച് ഇയാൾ പെണ്വാണിഭം നടത്തിയെന്ന് പൊലീസ് പറയുന്നു.
സബ്യസാചി ഘോഷിന്റെ അറസ്റ്റ് വാര്ത്ത ഷെയര് ചെയ്തുകൊണ്ട് തൃണമൂല് കോണ്ഗ്രസ് ബിജെപിക്കെതിരേ സൈബര് ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലില് നിന്ന് പെണ്വാണിഭവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്യുകയും ഇരകളായ അഞ്ചു പെണ്കുട്ടികളെ രക്ഷിക്കുകയും ചെയ്തെന്ന് ഹൗറ പൊലീസ് അറിയിച്ചു.
എന്നാൽ, തൃണമൂല് കോണ്ഗ്രസ് നേതാവായ ഷെയ്ഖ് ഷാജഹാനെതിരെ ലൈംഗികാരോപണങ്ങളുൾപ്പെടെ അതിരൂക്ഷമാകുന്നതിനിടെയുള്ള ബിജെപി നേതാവിന്റെ അറസ്റ്റ് പകരം വീട്ടലിന്റെ ഭാഗമെന്നാണ് ബിജെപി പ്രാദേശിക നേതാക്കള് ആരോപിക്കുന്നത്.
നോര്ത്ത് 24 പര്ഗാനാസ് ജില്ലയിലെ നിരവധി സ്ത്രീകളാണ് തൃണമൂല് നേതാവ് ഷാജഹാന് ഷെയ്ഖിനെതിരെ ഭൂമികയ്യേറ്റത്തിൻ്റെയും ലൈംഗികാതിക്രമത്തിൻ്റെയും പേരിൽ പരാതിയുമായി രംഗത്ത് വന്നത്. വിഷയവുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂല് നേതാക്കളെ ബംഗാള് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല് സംഭവത്തില് ആരോപണ വിധേയനായ തൃണമൂല് നേതാവ് ഷാജഹാന് ഷെയ്ഖിനെ പിടികൂടാന് പൊലീസിന് സാധിച്ചിട്ടില്ല. റേഷന് കുംഭകോണ കേസില് ഇഡി അന്വേഷിക്കുന്ന ഷാജഹാന് ഒളിവിലാണ്. സന്ദേശ്ഖാലി മേഖലയിൽ സമാധാനം തകർക്കാൻ ബിജെപി ശ്രമിക്കുന്നെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തേ ആരോപിച്ചിരുന്നു.