വിവാഹം കഴിച്ചതിന് ആർമി നഴ്സിനെ പിരിച്ചുവിട്ടു; കേന്ദ്രം 60ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

വിവാഹം കഴിച്ചെന്ന കാരണത്താൽ മിലിറ്ററി നേഴ്സിനെ സർവ്വീസിൽ നിന്ന് നീക്കിയെന്ന കേസിലാണ് കോടതിയുടെ പരാമർശം

dot image

ഡൽഹി: വിവാഹം കഴിച്ചുവെന്നതിനാൽ ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് ലിംഗ വിവേചനമാണെന്ന് സുപ്രീം കോടതി. ലിംഗപരമായ വിവേചനം ഭരണഘടനാപരമായി അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. വിവാഹം കഴിച്ചെന്ന കാരണത്താൽ മിലിറ്ററി നേഴ്സിനെ സർവ്വീസിൽ നിന്ന് നീക്കിയെന്ന കേസിലാണ് കോടതിയുടെ പരാമർശം. പിരിച്ചുവിടപ്പെട്ട നഴ്സിന് കേന്ദ്രം 60 ലക്ഷം രൂപ നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദിപങ്കർ ദത്ത, എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. 1988 ൽ വിവാഹം കഴിച്ചതിന് പിന്നാലെയാണ് സെലിന ജോണിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഈ സമയം സെലിന ലഫ്റ്റ്നന്റ് റാങ്കിലായിരുന്നു. 2012 ൽ സെലീന ആംഡ് ഫോഴ്സ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണൽ സെലീനയുടെ ജോലി പുനഃസ്ഥാപിക്കണമെന്ന വിധിച്ചു. എന്നാൽ 2019 ൽ കേന്ദ്രം ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു.

ഫെബ്രുവരി 14ന് പുറത്തിറങ്ങിയ ഉത്തരവിൽ ട്രിബ്യൂണൽ വിധിയിൽ ഇടപെടേണ്ടതില്ലെന്ന് കോടതി പറഞ്ഞു. 1977 ൽ പുറത്തിറങ്ങിയ നിയമപ്രകാരം, വിവാഹം കഴിച്ചതിന്റെ പേരിൽ ജീവനക്കാരെ മിലിറ്ററി നഴ്സിങ് സർവ്വീസിൽ നിന്ന് പിരിച്ചുവിടാനാകും. എന്നാൽ ഈ നിയമം 1995 ൽ പിൻവലിച്ചിരുന്നുവെന്നും ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

"സ്ത്രീ വിവാഹിതയായെന്ന കാരണത്താൽ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് ലിംഗ വിവേചനവും അസമത്വവുമാണ്. ലിംഗ വിവേചനം ഭരണഘടനാപരമായി അനുവദനീയമല്ല. സ്ത്രീ ജീവനക്കാരുടെ വിവാഹവും അവരുടെ ഗാർഹിക പങ്കാളിത്തവും അടിസ്ഥാനമാക്കി വിവേചനമുണ്ടാക്കുന്ന നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണ്," ബെഞ്ച് ഉത്തരവിൽ പറഞ്ഞു. ഇതിനാൽ തന്നെ ഉത്തരവ് ലഭിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരമായി കേന്ദ്രം 60 ലക്ഷം രൂപ നൽകണമെന്ന് കോടതി ഉത്തരവിട്ടു.

dot image
To advertise here,contact us
dot image