അമിത് ഷായ്ക്ക് എതിരായ അപകീര്ത്തി പരാമര്ശം; രാഹുല് ഗാന്ധിക്ക് ജാമ്യം

ഉത്തര്പ്രദേശ് സുല്ത്താന്പുര് കോടതിയാണ് ജാമ്യം നല്കിയത്

dot image

ന്യൂഡല്ഹി: കേന്ദ്രമന്ത്രി അമിത്ഷായ്ക്ക് എതിരായ അപകീര്ത്തി പരാമര്ശ കേസില് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിക്ക് ജാമ്യം. ഉത്തര്പ്രദേശ് സുല്ത്താന്പുര് കോടതിയാണ് ജാമ്യം നല്കിയത്. 25,000 രൂപയുടെ ആള്ജാമ്യവും രാഹുല് ഗാന്ധി നല്കണം.

2018 കര്ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബംഗളൂരുവില് നടത്തിയ വാര്ത്താസമ്മേളനത്തില് അമിത് ഷായ്ക്കെതിരെ അപകീര്ത്തി പരാമര്ശം നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവായ വിജയ് മിശ്രയാണ് കോടതിയെ സമീപിച്ചത്. സംശുദ്ധ രാഷ്ട്രീയം അവകാശപ്പെടുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷന് കൊലപാതകക്കേസില് പ്രതിയാണ് എന്നായിരുന്നു രാഹുല് ഗാന്ധിയുടെ പരാമര്ശം.

കേസില് കോടതി നേരത്തെ രാഹുല് ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല് രാഹുല് ഹാജരായിരുന്നില്ല. കോടതിയില് ഹാജരാകേണ്ടതിനാല് രാഹുല്ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ച വരെ നിര്ത്തിവെക്കുമെന്ന് ജയറാം രമേശ് അറിയിച്ചിരുന്നു.

ഭാരത് ജോഡോ യാത്ര രാഹുല് ഗാന്ധിയുടെ മുന് മണ്ഡലമായ അമേത്തിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുന്പാണ് സുല്ത്താന്പുര് കോടതിയില് ഹാജരായി ജാമ്യം നേടിയത്. 36 മണിക്കൂര് മാത്രമാണ് സമന്സ് ലഭിച്ചതെന്ന് കോണ്ഗ്രസ് ജനറല് സെക്രട്ടറി ജയറാം രമേഷ് എക്സില് ട്വീറ്റ് ചെയ്തു. എങ്കിലും ഭാരത് ജോഡോ ന്യായ് യാത്ര താളം തെറ്റില്ല. 38ാം ദിവസത്തെ ഭാരത് ജോഡോ യാത്ര രണ്ട് മണിക്ക് അമേത്തിയിലെ ഫര്സന്ത്ഗഞ്ചിലെത്തും. രാഹുല് ഗാന്ധി നിശബ്ദനാകില്ലെന്നും ജയറാം രമേഷ് ട്വീറ്റ് ചെയ്തു. രാഹുല് ഗാന്ധിയെ ബിജെപി നേതാവും അമേത്തി എംപിയുമായ സ്മൃതി ഇറാനി വിമര്ശിച്ചു. അമേത്തിയിലെ ഒഴിഞ്ഞ തെരുവുകളാണ് രാഹുലിനെ കാത്തിരിക്കുന്നതെന്നുമായിരുന്നു സ്മൃതി ഇറാനിയുടെ ട്വീറ്റ്.

dot image
To advertise here,contact us
dot image