
കൊൽക്കത്ത: സന്ദേശ്ഖാലി മേഖലയിൽ സമാധാനം തകർക്കാൻ ബിജെപി ശ്രമിക്കുന്നെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആരോപണത്തിൽ ബിജെപി നേതൃത്വം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മമത ആരോപിച്ചു. പ്രാദേശിക തൃണമൂൽ നേതാക്കൾക്കെതിരെ തന്റെ സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്നും എന്നാൽ ബി ജെപി പ്രവർത്തകർക്കെതിരെ അവരുടെ പാർട്ടി നേതൃത്വം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മമത വ്യക്തമാക്കി.
ഇ ഡിയും ബിജെപിയും ചില മാധ്യമങ്ങളും പ്രദേശത്തെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്നും മമത പ്രതികരിച്ചു. ബിജെപി ബംഗാൾ വിരുദ്ധ, സ്ത്രീ വിരുദ്ധ, കർഷക വിരുദ്ധ, ദളിത് വിരുദ്ധ പാർട്ടിയാണെന്നും മമത കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഉത്തരവനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിൽ പോരാടാൻ ഞങ്ങൾക്കും അവകാശമുണ്ട്. ഇഡിയേയും സിബിഐയേയും ഉപയോഗിച്ച് ബിജെപി തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും മമത ആരോപിച്ചു.
നേരത്തെ ഇടതുപക്ഷത്തിന്റെ മാത്രം പീഡനം ഏറ്റുവാങ്ങേണ്ടി വന്ന തനിക്ക് ഇപ്പോൾ ബിജെപിയുടെ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നു. ബിജെപിയും സിപിഐഎമ്മും കോൺഗ്രസും തന്നെ ആക്രമിക്കുകയാണെന്നും മമത ചുണ്ടികാണിച്ചു. പഞ്ചാബിലെയും ഡൽഹിയിലെയും കർഷക പ്രതിഷേധത്തിനെതിരെ ബിജെപി എല്ലായിടത്തും അരാജകത്വം സൃഷ്ടിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. ഭൂമി കൈയേറ്റം, ലൈംഗിക പീഡനം, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി സന്ദേശ്ഖാലിയിൽ രണ്ട് ടിഎംസി നേതാക്കളെ മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.