
May 18, 2025
07:53 AM
പട്ന: 2022-ൽ എൻഡിഎ വിടാൻ ശ്രമിക്കുന്നതിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തൻ്റെ മാതാപിതാക്കളോട് മാപ്പ് ചോദിച്ചിരുന്നതായി ആർജെഡി നേതാവ് തേജസ്വി യാദവ്. പാർട്ടി മേധാവികളായ ലാലു പ്രസാദിനോടും റാബ്റി ദേവിയോടും മാപ്പ് ചോദിച്ചതിന് ശേഷം തൻ്റെ പാർട്ടിയെ പിളർത്താനും എംഎൽഎമാരെ പിന്തിരിപ്പിക്കാനും ബിജെപി ശ്രമിക്കുന്നുണ്ടെന്ന് നിതീഷ് പറഞ്ഞിരുന്നതായും തേജസ്വി പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ബിഹാറിലെ മൊഹാനിയയിൽ നടന്ന റാലിയിൽ സംസാരിക്കവേയാണ് തേജസ്വി യാദവ് കാര്യം പറഞ്ഞത്. നിതീഷ് കുമാർ വീണ്ടും കൂറുമാറില്ലെന്ന് ഉറപ്പില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.
'2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 10 ലക്ഷം സർക്കാർ ജോലികൾ എന്ന വാഗ്ദാനം ഞാൻ ജനങ്ങൾക്ക് നൽകിയിരുന്നു. ഈ വാഗ്ദാനം നിറവേറ്റാൻ സഹായിക്കണമെന്നും ജനങ്ങളുടെ പിന്തുണയാണ് നമുക്ക് വലുതെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാൽ ജോലിക്കുള്ള ശമ്പളം നൽകാൻ ലാലു യാദവിൻ്റെ പണം ഉപയോഗിക്കുമോ എന്ന് ചോദിച്ച് നിതീഷ് കുമാർ ആദ്യം തന്നെ പരിഹസിച്ചു', തേജസ്വി യാദവ് കൂട്ടിച്ചേർത്തു.