
ബെംഗളൂരു: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് 393 കോടി രൂപ അനുവദിച്ച് കര്ണാടക ബജറ്റ്. ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധാരാമയ്യയാണ് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിച്ചത്.
സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 200 കോടി രൂപ അനുവദിച്ചു. വഖഫ് വസ്തുക്കളുടെ സംരക്ഷണത്തിനായി 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ഡ്യ സംരക്ഷിക്കുന്ന വഖഫ് സ്മാരകങ്ങളുടെ സംരക്ഷണത്തിന് ഊന്നല് നല്കും.
മംഗളൂരുവിലെ ഹജ്ജ് ഭവന് 10 കോടി രൂപ അനുവദിച്ചു. 100 മൗലാന ആസാദ് സ്കൂളുകള് ആരംഭിക്കും. ജൈന വിഭാഗക്കാരുടെ ആരാധനാലയങ്ങള് സംരക്ഷിക്കുന്നതിന് വേണ്ടി 50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ബുദ്ധ സമുദായത്തിന്റെ പുണ്യ വേദങ്ങളായ ത്രിപ്തികകള് കന്നഡ ഭാഷയിലേക്ക് വിവര്ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാനുള്ള സാമ്പത്തിക സഹായം നല്കും. സിഖ്ലിഗര് സമുദായ അംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബിദാറിലെ ശ്രീ നാനാക് ജിറ സാഹേബ് ഗുരുദ്വാരയുടെ വികസന പ്രവര്ത്തനങ്ങള്ക്കായി ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.