
/topnews/national/2024/02/16/defence-ministry-cleared-procurement-of-military-hardware-worth-rs-84560-crore
ന്യൂഡൽഹി: സായുധ സേനയുടെ പോരാട്ട ശേഷി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി മൾട്ടി-മിഷൻ മാരിടൈം എയർക്രാഫ്റ്റുകൾ ഉൾപ്പെടെ 84,560 കോടി രൂപയുടെ സൈനിക ഉപകരണങ്ങൾ വാങ്ങാൻ അനുമതി. വെള്ളിയാഴ്ചയാണ് പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച അനുമതി നൽകിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിൻ്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് ഉപകരണങ്ങൾ വാങ്ങാനുള്ള നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയത്.
പുതിയ തലമുറയിൽപ്പെട്ട ടാങ്ക് വിരുദ്ധ മൈനുകൾ, എയർ ഡിഫൻസ് ടാക്റ്റിക്കൽ കൺട്രോൾ റഡാർ, ഹെവി വെയ്റ്റ് ടോർപ്പിഡോകൾ, മീഡിയം റേഞ്ച് നാവിക നിരീക്ഷണ ഉപകരണങ്ങൾ, മൾട്ടി-മിഷൻ മാരിടൈം എയർക്രാഫ്റ്റ്, ആകാശത്തു നിന്നും ഇന്ധനം നിറയ്ക്കാവുന്ന വിമാനങ്ങൾ, സോഫ്റ്റ്വെയർ ഡിഫൈൻഡ് റേഡിയോകൾ എന്നിവ വാങ്ങാനാണ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകരിച്ച നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നത്.
ഇന്ത്യൻ നാവികസേനയുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെയും നിരീക്ഷണവും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിനായി മീഡിയം റേഞ്ച് നാവിക നിരീക്ഷണ ഉപകരണവും മൾട്ടി-മിഷൻ മാരിടൈം എയർക്രാഫ്റ്റുകളും വാങ്ങുന്നതിനും ഡിഎസി അംഗീകാരം നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വേഗത കുറഞ്ഞതും ചെറുതും താഴ്ന്നതുമായ ലക്ഷ്യങ്ങൾ കണ്ടെത്തുന്നതിനായി ടാക്ടിക്കൽ കൺട്രോൾ റഡാർ വാങ്ങാനുള്ള നിർദ്ദേശവും ഡിഎസി അംഗീകരിച്ചു.