
തന്റെ ആരാധകരെ ആവേശം കൊള്ളിക്കും തരത്തിലാണ് വിജയ്യുടെ ഓരോ പ്രസംഗങ്ങളും. ലിയോ സിനിമ വിജയാഘോഷവുമായി ബന്ധപ്പെട്ടായിരുന്നു അവസാനമായി ''എന് നെഞ്ചില് കുടിയിരുക്കും രസികര്കളെ.. '' എന്ന വിജയ്യുടെ അബിസംബോധന അവസാനമായി ആരാധകർ ആർപ്പുവിളികളോടെ ഏറ്റുവാങ്ങിയത്. എന്നാൽ പുതിയ രാഷ്ട്രീയ പാർട്ടിയിലേക്കുള്ള താരത്തിന്റെ പ്രേവശന വാർത്തകൾക്ക് ശേഷമുള്ള ആദ്യത്തെ പത്രക്കുറിപ്പിൽ വിജയ് അഭിസംബോധനയിൽ തിരുത്തൽ വരുത്തിയിരിക്കുകയാണ്.
തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക കത്തിൽ തന്റെ രാഷ്ട്രീയ യാത്രയില് ആശംസ അറിയിച്ച എല്ലാവരോടും നന്ദി അറിയിക്കുകയാണ് നടൻ. എന്നാൽ 'എന് നെഞ്ചില് കുടിയിരുക്കും രസികര്കളെ' എന്ന് പറഞ്ഞിടത്ത് 'എന് നെഞ്ചില് കുടിയിരുക്കും തോഴര്കളെ' എന്നാണ് താരം ചേർത്തിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. തുടർന്നും താരം ഇങ്ങനെ തന്നെയാകുമോ വിളിക്കുക എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണം.
— TVK Vijay (@tvkvijayoffl) February 4, 2024
ഏറെനാളത്തെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് വിജയ് തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. എന്നാൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ്യുടെ രാഷ്ട്രീയ പാര്ട്ടി മത്സരിക്കില്ല, മാത്രമല്ല ഈ തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്നും രണ്ട് വര്ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.