
/topnews/national/2024/02/01/nirmala-sitharamans-interim-budget-speech-highlights-the-achievements-of-the-second-modi-government
ന്യൂഡൽഹി: ഇടക്കാല ബജറ്റ് പ്രസംഗത്തില് രണ്ടാം നരേന്ദ്ര മോദി സര്ക്കാരിന്റെ നേട്ടങ്ങള് എണ്ണിപ്പറഞ്ഞ് ധനകാര്യമന്ത്രി നിര്മ്മല സീതാരാമന്. സമൃദ്ധിയുടെ രാജ്യമായി ഇന്ത്യയെ നിര്മ്മിക്കാനുള്ള ഉത്തരവാദിത്തം രണ്ടാം അവസരത്തില് മോദി സര്ക്കാര് ഇരട്ടിയായി ഏറ്റെടുത്തുവെന്ന് ധനകാര്യമന്ത്രി നിര്മ്മല സീതാരാമന് അവകാശപ്പെട്ടു. 2047ഓടെ ഇന്ത്യയെ 'വികസിത് ഭാരത്' ആക്കൂമെന്നും ധനകാര്യ മന്ത്രി പ്രസ്താവിച്ചു. 'എല്ലാവരുടെയും കൂടെ, എല്ലാവരുടെ വികസനം' എന്നതാണ് ലക്ഷ്യമെന്നും നിര്മ്മല സീതാരാമന് വ്യക്തമാക്കി.
പാവപ്പെട്ടവര്, വനിതകള്, ചെറുപ്പക്കാര് കര്ഷകര് തുടങ്ങിയ നാല് വിഭാഗങ്ങളിലാണ് സര്ക്കാര് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വികസനത്തിന്റെ ഇടങ്ങള്ക്ക് പുറത്തായിരുന്ന ആദിവാസി വിഭാഗങ്ങളുടെ വികസനത്തിനായി പിഎം ജന്മന് യോജന സഹായകമായി. ഒബിസി വിഭാഗങ്ങള്ക്കായി തുടങ്ങിയ പി എം വിശ്വകര്മ്മ യോജനയുടെ നേട്ടങ്ങളും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ 10 വര്ഷം കൊണ്ട് 25 കോടി ജനങ്ങളെ പട്ടിണിയില് നിന്നും മോചിപ്പിച്ചുവെന്നും നിർമ്മല സീതാരാമൻ അവകാശപ്പെട്ടു.
ജിഎസ്ടി വന്നതോടെ 'ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി' എന്ന കാഴ്ചപ്പാട് പ്രാപ്തമാക്കി. പരിഷ്കാരങ്ങള് നികുതി അടിത്തറ വര്ദ്ധിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും കാരണമായെന്നും നിര്മ്മല സീതാരാമന് ചൂണ്ടിക്കാണിച്ചു. കൂടുതല് സമഗ്രമായ 'ഭരണം, വികസനം, പ്രകടനം' എന്നിവയില് ശ്രദ്ധ കേന്ദ്രീകരിച്ചു. മേല്ക്കൂര സോളാര് പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങള്ക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി ലഭഭ്യമാക്കി. ആയുഷ്മാന് ഭാരത് പദ്ധതിയുടെ ഗുണം ആശാ വര്ക്കേഴ്സിനും അംഗനവാടി ജീവനക്കാര്ക്കും ലഭ്യമാക്കി. അര്ഹരായ മധ്യവര്ഗ്ഗവിഭാഗത്തിന് സ്വന്തമായി വീട് നിര്മ്മിക്കാന് സര്ക്കാര് സഹായം ലഭ്യമാക്കിയതായും ധനകാര്യ മന്ത്രി വ്യക്തമാക്കി.
50 വര്ഷത്തെ പലിശ രഹിത വായ്പയ്ക്കൊപ്പം പലിശ നിരക്കുകളില്ലാത്തതോ കുറഞ്ഞതോ ആയ ദീര്ഘകാല ധനസഹായം നല്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ ഒരു കോര്പ്പസ് സ്ഥാപിക്കുമെന്നും ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. പ്രതിരോധ ആവശ്യങ്ങള്ക്കായി ആഴത്തിലുള്ള സാങ്കേതികവിദ്യ ശക്തിപ്പെടുത്തുന്നതിന് പുതിയ സാങ്കേതികവിദ്യ ആരംഭിക്കുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.
സംരംഭകത്വത്തിലൂടെ സ്ത്രീ ശാക്തീകരണം എന്നതാണ് ലക്ഷ്യമെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. സംരംഭകത്വത്തിലൂടെയും ജീവിത സൗകര്യത്തിലൂടെയും അന്തസ്സിലൂടെയുമുള്ള സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യം കഴിഞ്ഞ 10 വര്ഷത്തിനുള്ളില് ശക്തി പ്രാപിച്ചു. വനിതാ സംരംഭകര്ക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസത്തില് സ്ത്രീ പ്രവേശനം 10 വര്ഷത്തിനുള്ളില് 28% വര്ദ്ധിച്ചു. സ്റ്റീം കോഴ്സുകളില് ആകെയുള്ള പ്രവേശനത്തിന്റെ 43 ശതമാനവും പെണ്കുട്ടികളും സ്ത്രീകളുമാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയര്ന്ന നിരക്കുകളില് ഒന്നാണ്. ഇതെല്ലാം തൊഴില് ശക്തിയില് സ്ത്രീകളുടെ വര്ദ്ധിച്ചുവരുന്ന പങ്കാളിത്തത്തിന്റെ പ്രതിഫലനമാണെന്നും ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു.
മുത്തലാഖ് നിയമവിരുദ്ധമാക്കിയതും ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും വനിതാ സംവരണം മൂന്നിലൊന്ന് ആക്കിയതും സ്ത്രീശാക്തീകരണത്തിന്റെ പ്രതീകങ്ങളായി ധനകാര്യമന്ത്രി ഉയര്ത്തിക്കാണിച്ചു. ഗ്രാമപ്രദേശങ്ങളില് പിഎം ആവാസ് യോജനയുടെ ഭാഗമായി 70 ശതമാനത്തിലധികം വീടുകള് സ്ത്രീകള്ക്ക് ഒറ്റയ്ക്കോ കൂട്ടായോ ഉടമസ്ഥത നല്കിയത് അവരുടെ അന്തസ്സ് ഉയര്ത്തിയെന്നും ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു.