/topnews/national/2023/12/28/vijayakanth-as-politician-and-captain-of-dmdk

ഡിഎംഡികെയുടെ 'ക്യാപ്റ്റൻ'; ശക്തനായ പ്രതിപക്ഷ നേതാവ്, ദ്രാവിഡ രാഷ്ട്രീയത്തിലെ വിജയകാന്ത്

സിനിമാ താരങ്ങളെ ഒരിക്കലും കൈവിട്ടിട്ടില്ലാത്ത ദ്രാവിഡ രാഷ്ട്രീയം ക്യാപ്റ്റനെയും ആദ്യം കൈ പിടിച്ചുയർത്തിയെങ്കിലും അത് നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം.

dot image

സിനിമയിൽ മാത്രമായിരുന്നില്ല, രാഷ്ട്രീയത്തിലും ക്യാപ്റ്റൻ തന്നെയായിരുന്നു വിജയകാന്ത്. നിഷേധിയായ രാഷ്ട്രീയക്കാരനായി ദ്രാവിഡ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ട് വിജയകാന്ത് നിറഞ്ഞ് നിന്നു. 2005 സെപ്റ്റംബർ പതിനാലിനാണ് ക്യാപ്റ്റൻ വിജയകാന്ത് തന്റെ സ്വന്തം പാർട്ടി രൂപീകരിക്കുന്നത്, ദേശീയ മുർപോക്ക് ദ്രാവിഡ കഴകം അഥവാ ഡിഎംഡികെ. സിനിമാ താരങ്ങളെ ഒരിക്കലും കൈവിട്ടിട്ടില്ലാത്ത ദ്രാവിഡ രാഷ്ട്രീയം ക്യാപ്റ്റനെയും ആദ്യം കൈ പിടിച്ചുയർത്തിയെങ്കിലും അത് നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം.

2006 ൽ 234 സീറ്റുകളിലും വിജയകാന്തിന്റെ ഡിഎംഡികെ മത്സരിച്ചു. എന്നാൽ ഒറ്റ സീറ്റിൽ വിജയകാന്ത് മാത്രം വിജയിച്ചു. മറ്റെല്ലാവരും പരാജയപ്പെട്ടപ്പോഴും ക്യാപ്റ്റനെ തമിഴ്നാട് മക്കൾ കൈവിട്ടില്ലെന്നും ഇതിനെ വിലയിരുത്താം. വിജയകാന്തിന്റെ സൂപ്പർ സ്റ്റാർഡവും സ്റ്റൈലും ദ്രാവിഡ രാഷ്ട്രീയത്തോട് ഏറെ ചേർന്ന് നിൽക്കുന്നത് തന്നെയായിരുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജയലളിതയുടെ എഐഎഡിഎംകെയുമായി സഖ്യത്തിലെത്തി. 2011ൽ വീണ്ടും മത്സരിച്ച ഡിഎംഡികെ 40 സീറ്റിൽ 29 എണ്ണത്തിലും വിജയിച്ചു. 2011 മുതൽ 2016 വരെ അഞ്ച് വർഷക്കാലം തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായി. ഇതിനിടെ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. 14 സീറ്റിൽ മത്സരിച്ചെങ്കിലും 14ലും പരാജയപ്പെട്ടു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംഡികെ, പിഡബ്ല്യുഎഫുമായി ( People’s Welfare Front) സഖ്യമുണ്ടാക്കി. നിലവിലെ മുൻനിര സഖ്യമായ ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കുമെതിരായി വൈകോയുടെ എംഡിഎംകെ, വിടുതലൈ ചിരുത്തൈകൾ കക്ഷി, സിപിഎം, സിപിഐ എന്നീ പാർട്ടികൾ ചേർന്ന് 2015 ൽ രൂപീകരിച്ച സഖ്യമാണ് പിഡബ്ല്യുഎഫ്. ഈ സഖ്യവുമായി ചേർന്ന് മത്സരിക്കുന്നതിൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറി തന്നെ വിജയകാന്തിന് നേരിടേണ്ടി വന്നിരുന്നു. കൂടാതെ ഭാര്യ പ്രേമലതയുടെ പാർട്ടി ഇടപെടലുകളും നേതാക്കളെ ചൊടിപ്പിച്ചിരുന്നു. പിഡബ്ല്യുഎഫുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനം ആത്മഹത്യാപരമെന്ന് വിശേഷിപ്പിച്ച് പാർട്ടിയുടെ പ്രബല നേതാക്കൾ വിജയകാന്തിൽ നിന്ന് തെറ്റി മറ്റൊരു പാർട്ടി, എംഡിഎംകെ (മക്കൾ ദേശീയ മുർപോക്ക് ദ്രാവിഡ കഴകം) രൂപീകരിച്ചതും 2016ലാണ്.

പിഡബ്ല്യുഎഫുമായി സഖ്യമുണ്ടാക്കിയ തീരുമാനം രാഷ്ട്രീയത്തിൽ ഡിഎംഡികെയ്ക്ക് തിരിച്ചടിയാകുകയായിരുന്നു. നിയമസഭയിൽ 104 സീറ്റിൽ മത്സരിച്ചെങ്കിലും ഒന്നിൽ പോലും വിജയിക്കാനായില്ല. 2011 ൽ കാഴ്ച വച്ച ഉജ്ജ്വല വിജയം പിന്നീട് തുടരാൻ വിജയകാന്തിനോ ഡിഎംഡികെയ്ക്കോ സാധിച്ചില്ല. ഒരു കാലത്ത് ശക്തനെന്ന് വിളിപ്പേര് കിട്ടിയെങ്കിലും ഇത് തുടർന്നുപോരാൻ ക്യാപ്റ്റന് സാധിക്കാത്ത കാഴ്ചയാണ് പിന്നീട് കണ്ടത്. ദ്രാവിഡ രാഷ്ട്രീയത്തിൽ ഡിഎംഡികെ ഇതോടെ ദുർബലമാകുകയായിരുന്നു.

ക്യാപ്റ്റന് വിട; തമിഴ് സിനിമയുടെ 1980-90കളെ അടയാളപ്പെടുത്തിയ വിജയകാന്ത്

രോഗാവസ്ഥ രാഷ്ട്രീയത്തിൽ സജീവമാകുന്നത് വിലക്കിയെങ്കിലും പാർട്ടിയെ കൈവിടാൻ തയ്യാറായിരുന്നില്ല വിജയകാന്ത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഡിസംബർ 15ന് തന്റെ പാർട്ടിയുടെ തലപ്പത്ത് ഭാര്യ പ്രേമലതയെ അദ്ദേഹം അവരോധിച്ചു. ഡിഎംഡികെയുടെ ജനറൽ സെക്രട്ടറിയായി പ്രേമലത ചാർജെടുത്തു. ഇനി വിജയകാന്തില്ലാത്ത ഡിഎംഡികെ, ക്യാപ്റ്റനില്ലാത്ത സിനിമാ ലോകം... പ്രവർത്തകരെയും ആരാധകരെ കണ്ണീരിലാഴ്ത്തുന്നത് ഇതാണ്...

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us