
/topnews/national/2023/12/15/krishna-janmabhoomi-shahi-idgah-mosque-dispute-the-supreme-court-refused-stay-the-order-passed-by-the-allahabad-high-court
ന്യൂഡൽഹി: ഗ്യാൻവാപി മാതൃകയില് മഥുരയില് സര്വ്വേ നടത്താൻ അനുമതി നൽകിയ അലഹബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേക്ക് വിസമ്മതിച്ചത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ മഥുര കോടതിയിലേയ്ക്ക് മാറ്റാനുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ മോസ്ക് കമ്മിറ്റി നൽകിയ പ്രത്യേക ഹർജി പരിഗണിക്കവെയാണ് അലഹബാദ് ഹൈക്കോടതിയുടെ വിധിയെക്കുറിച്ച് മോസ്ക് കമ്മിറ്റി കോടതിയിൽ പരാമർശിച്ചത്. വാക്കാലുള്ള അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയും എസ്വിഎന് ഭാട്ടിയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഇടക്കാല അപേക്ഷകൾ പരിഗണിച്ച ഹൈക്കോടതി വിധിയെക്കുറിച്ച് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി ആശങ്ക ഉന്നയിച്ചു. ബെഞ്ചിന് മുമ്പാകെ കൊണ്ടുവരാത്ത ഉത്തരവിൽ ഇടപെടാൻ ജസ്റ്റിസ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിസമ്മതിച്ചു. "ഓർഡർ എന്റെ മുമ്പിൽ ഇല്ലാതെ ഞാൻ എങ്ങനെ തുടരും?" ജഡ്ജി ചോദിച്ചു.
ഹുസേഫ അഹമ്മദി വിഷയത്തിൽ കോടതിയെ ഇടപെടാൻ നിര്ബന്ധിച്ചപ്പോൾ, 'ഈ വിഷയം ജനുവരി 9 ന് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ദയവായി ഹൈക്കോടതിയോട് പറയൂ', എന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ പ്രതികരണം. ബെഞ്ചിന്റെ നിരീക്ഷണങ്ങൾ ഇന്നു തന്നെ ഹൈക്കോടതിയെ അറിയിക്കാനും ജസ്റ്റിസ് ഖന്ന ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ബെഞ്ച് ഒരു ഹ്രസ്വ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 'സ്പെഷ്യൽ ലീവ് പെറ്റീഷൻ ജനുവരി 9ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അത് പറഞ്ഞ തീയതിയിൽ വരട്ടെ. എല്ലാ പ്രശ്നങ്ങളും തർക്കങ്ങളും പരിഗണിക്കും. ഹർജിക്കാരന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, അത് നിയമാനുസൃതമായി ഫയൽ ചെയ്യാനും അവസരമുണ്ട്' എന്നായിരുന്നു സുപ്രീം കോടതിയുടെ ഹൃസ്വവിധി.
കൂടുതൽ കാര്യമായ ഇടപെടൽ നടത്താൻ അഹമ്മദി, കോടതിയെ വീണ്ടും നിർബന്ധിക്കാൻ ശ്രമിച്ചപ്പോൾ ജസ്റ്റിസ് ഖന്ന ജനുവരി 9ന് കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആവർത്തിക്കുകയായിരുന്നു. 'അവധിക്കാലത്ത് എന്തെങ്കിലും പ്രതികൂല ഉത്തരവ് പാസാക്കിയാൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമം നിങ്ങൾക്കറിയാമല്ലോയെന്നും' ജസ്റ്റിസ് ഖന്ന ആരാഞ്ഞു. മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ തസ്നീം അഹമ്മദി, നടപടിക്രമങ്ങൾ അടുത്തുള്ള സ്ഥലത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യവും പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. അലഹബാദ് ഹൈക്കോടതിയുടെ നടപടികൾ സ്റ്റേ ചെയ്യാണമെന്ന വാദവും മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഉയർത്തി. എന്നാൽ നിലവിലുള്ള നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അനുചിതമായ ഉത്തരവുണ്ടായാൽ ഞങ്ങൾ ഇടപെടുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു
ഗ്യാന്വാപി മാതൃകയില് മഥുരയില് സര്വ്വേയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ വ്യാഴ്ഴചയാണ് അനുമതി നൽകിയത്. മഥുര ഷാഹി ഇദാഹ് മസ്ജിദില് സര്വ്വേ നടത്തുന്നതിനായിരുന്നു ഹൈക്കോടതി അനുമതി നല്കിയത്. ഇതിനായി മൂന്നംഗ കമ്മീഷനെയും അലഹബാദ് ഹൈക്കോടതി നിയോഗിച്ചിരുന്നു. മഥുര ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണ വിരാജ്മാന്റെ പേരില് നല്കിയ ഹര്ജിയിലായിരുന്നു ഹൈക്കോടതി നടപടി. കൃഷ്ണന് ജനിച്ച സ്ഥലത്താണ് മസ്ജിദ് നിര്മ്മിച്ചതെന്നാണ് ഹര്ജിയിലെ വാദം. ക്ഷേത്രം നിലനിന്ന സ്ഥലത്ത് പതിനേഴാം നൂറ്റാണ്ടില് ഔറംഗസേബിന്റെ ഭരണകാലത്താണ് മസ്ജിദ് നിര്മ്മിച്ചതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
അഭിഭാഷകരായ ഹരി ശങ്കർ ജെയിൻ, വിഷ്ണു ശങ്കർ ജെയിൻ, പ്രഭാഷ് പാണ്ഡെ, ദേവ്കി നന്ദൻ എന്നിവർ മുഖേന ദേവനും (ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാൻ) മറ്റ് 7 പേരും സമർപ്പിച്ച ഓർഡർ 26 റൂൾ 9 സിപിസി അപേക്ഷയിലാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മായങ്ക് കുമാർ ജെയിനിന്റെ ബെഞ്ചിൻ്റെ ഉത്തരവ്. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം മസ്ജിദിന് താഴെയാണെന്നും മസ്ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് സ്ഥാപിക്കുന്ന നിരവധി അടയാളങ്ങൾ ഉണ്ടെന്നും അതിനാൽ ഒരു കമ്മീഷനെ നിയമിക്കേണ്ടത് അനിവാര്യമാണെന്നുമായിരുന്നു ഹർജിയിലെ വാദം.
ഹിന്ദു ക്ഷേത്രങ്ങളുടെ സവിശേഷതയായ താമരയുടെ ആകൃതിയിലുള്ള സ്തംഭം നിലവിലുണ്ടെന്നും കൃഷ്ണൻ ജനിച്ച രാത്രിയിൽ അദ്ദേഹത്തെ സംരക്ഷിച്ച ഹിന്ദു ദേവന്മാരിൽ ഒരാളായ ശേഷനാഗിൻ്റെ പ്രതിമയും അവിടെയുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. മസ്ജിദിന്റെ തൂണിൻ്റെ ചുവട്ടിൽ ഹിന്ദുമത ചിഹ്നങ്ങളും കൊത്തുപണികളും കാണാമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
മഥുര ഷാഹി ഈദ്ഗാ മസ്ജിദ് കൃഷ്ണ ജന്മഭൂമിയുടെ ഭൂമിക്ക് മുകളിലാണ് നിർമ്മിച്ചതെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന പ്രധാന ഹർജിയുടെ ഭാഗമായിട്ടായിരുന്നു ഹർജി സമർപ്പിച്ചത്. മഥുര ഷാഹി ഈദ്ഗാ മസ്ജിദ് കൃഷ്ണ ജന്മഭൂമിയുടെ ഭൂമിക്ക് മുകളിലാണ് നിർമ്മിച്ചതെന്ന കാരണത്താൽ അത് നീക്കം ചെയ്യണമെന്നാണ് പ്രധാന ഹർജി.
നേരത്തെ സിവിൽ കോടതി ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി തള്ളിയിരുന്നു. ഇതിനെതിരെ മഥുര ജില്ലാ കോടതിയിൽ അപ്പീൽ നൽകിയതിനെത്തുടർന്ന് സിവിൽ കോടതി തീരുമാനം അസാധുവാക്കുകയായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച് ശ്രീകൃഷ്ണ ഭക്തർ എന്ന നിലയിൽ, തങ്ങളുടെ മൗലികമായ മതപരമായ അവകാശങ്ങൾ കണക്കിലെടുത്ത് കേസ് കൊടുക്കാൻ അവകാശമുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. 2022 മെയ് മാസത്തിൽ മഥുര ജില്ലാ കോടതി ഹർജി നിലനിൽക്കുമെന്ന് വിധിക്കുകയും സിവിൽ കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.
പിന്നീട്, 2023 മെയ് മാസത്തിൽ, ഈ കേസ് വിചാരണ കോടതിയിൽ നിന്ന് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഭാഗം സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി അനുവദിച്ചു. ഫെബ്രുവരി ഒന്നിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റിസ് നളിൻ കുമാർ ശ്രീവാസ്തവ വിഷയം പരിഗണിക്കേണ്ടതുണ്ടെന്നും വിഷയത്തിൽ മറുപക്ഷത്തിന്റെ പ്രതികരണം തേടണമെന്നും അഭിപ്രായപ്പെട്ടിരുന്നു. കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.