
/topnews/national/2023/12/14/mastermind-of-security-breach-in-lok-sabha-lalit-jha-is-surrenders-in-delhi
ന്യൂഡൽഹി: ബുധനാഴ്ച പാർലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരൻ ലളിത് ഝാ കീഴടങ്ങി. ഡൽഹിയിലെത്തി ലളിത് ഝാ കീഴടങ്ങുകയായിരുന്നു. കൊൽക്കത്തയിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ലളിത് ഝാ. രണ്ട് ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു.
അതിക്രമത്തിന് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനം തെരഞ്ഞെടുത്തത് ലളിത് ഝായെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഭഗത് സിങ്ങിൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്നും ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം അതിക്രമവുമായി ബന്ധപ്പെട്ട് പിടികൂടിയ നാല് പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ദില്ലി പൊലിസ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. ലോക്സഭയിൽ നിന്ന് പിടികൂടിയ സാഗർ ശർമ, ഡി മനോരഞ്ജൻ എന്നിവരെയും പാർലമെന്റിന് പുറത്ത് നിന്ന് അറസ്റ്റിലായ നീലം ദേവി, അമോൽ ഷിൻഡെ എന്നിവരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു പൊലീസ് വാദം.
പാർലമെൻറിലെ അതിക്രമം: നാല് പ്രതികളെ ഏഴു ദിവത്തെ കസ്റ്റഡിയിൽ വിട്ടുസംഭവത്തിന് ഭീകരാക്രമണവുമായി സാമ്യമുള്ളതായി പൊലീസ് കോടതിയിൽ വാദിച്ചു. ചോദ്യം ചെയ്യലിലൂടെ മാത്രമേ ഇതിൽ വ്യക്തത വരൂ എന്നായിരുന്നു പൊലീസിൻ്റെ വാദം. 'സംഭവത്തിന്റെ ലക്ഷ്യം അഭിപ്രായ പ്രകടനം നടത്തുക അല്ലെങ്കിൽ എന്തെങ്കിലും വലിയ സംഭവം നടത്തുക എന്നത് മാത്രമായിരുന്നോ അതോ ഈ സംഭവത്തിൽ ഏതെങ്കിലും തീവ്രവാദ സംഘടനക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം', എന്നായിരുന്നു പൊലീസ് വാദം. പ്രതികളുടെ പണമിടപാടുകൾ അന്വേഷിക്കണമെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. പ്രതികൾ ഷൂസിനുള്ളിൽ വെച്ച് പുകക്കുഴലുകൾ കടത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ലഖ്നൗവിൽ നിന്ന് രണ്ട് ജോഡി ഷൂസ് വാങ്ങിയാണ് ഇവർ ഇവിടെ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. മുംബൈയിൽ നിന്നാണ് ക്യാനിസ്റ്ററുകൾ വാങ്ങിയത്. പ്രതികൾ ചില ലഘുലേഖകൾ കൈവശം വച്ചിരുന്നതായും പോലീസ് പറഞ്ഞു. മോദിയെ കാണാനില്ലെന്നായിരുന്നു ഇവരുടെ കയ്യിൽ കരുതിയ ലഘുലേഖയിൽ ഉണ്ടായിരുന്നത്. കണ്ടെത്തുന്നവർക്ക് സമ്മാനമെന്നും ലഘുലേഖയിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.