
/topnews/national/2023/12/09/bjp-has-activated-discussions-regarding-the-chief-minister-in-three-states
ന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ചർച്ചകൾ സജീവമാക്കി ബിജെപി. കേന്ദ്ര നിരീക്ഷകർ സംസ്ഥാനങ്ങളിൽ എത്തി ചർച്ചകൾക്ക് നേതൃത്വം നൽകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജസ്ഥാനിലും, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ മധ്യപ്രദേശിലും കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, സർബാനന്ദ സോനോവാൾ എന്നിവർ ഛത്തീസ്ഗഡിലും ചർച്ചകൾക്ക് നേതൃത്വം നൽകും.
രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ, ഗജേന്ദ്ര സിങ് ഷെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് തന്നെയാണ് മുൻതൂക്കം. നരേന്ദ്ര സിംഗ് തോമർ, ജ്യോതിരാതിദ്യ സിന്ധ്യ എന്നിവരും പട്ടികയിൽ ഉണ്ട്. ഛത്തീസ്ഗഢിൽ മുൻമുഖ്യമന്ത്രി രമൺ സിംഗ്, പാർട്ടി സംസ്ഥാന അധ്യക്ഷൻ അരുൺ സാഹോ എന്നിവർക്കാണ് പ്രഥമ പരിഗണന.
മൂന്ന് സംസ്ഥാനങ്ങളിലെ ആധികാരിക വിജയത്തിന് പിന്നാലെ എത്രയും വേഗം മുഖ്യമന്ത്രിമാരെ കണ്ടെത്താനാണ് ബിജെപിയുടെ നീക്കം. മന്ത്രിയെ നിശ്ചയിക്കുന്നതിൽ നിർണ്ണായകമാവുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാകും.