കൗമാരക്കാരികള് ലൈംഗികാവശ്യങ്ങളെ നിയന്ത്രിക്കണമെന്ന ഹൈക്കോടതി പരാമര്ശം: വിമര്ശിച്ച് സുപ്രീം കോടതി

ജഡ്ജിമാര് വ്യക്തിപരമായ അഭിപ്രായങ്ങള് വിധിന്യായത്തില് എഴുതരുതെന്ന് സുപ്രീം കോടതി

dot image

ഡല്ഹി: രണ്ട് മിനുട്ടിലെ സന്തോഷം കണ്ടെത്തുന്നതിന് പകരം കൗമാരപ്രായത്തിലുള്ള പെണ്കുട്ടികള് ലൈംഗിക ആവശ്യങ്ങളെ നിയന്ത്രിക്കണമെന്ന കല്ക്കട്ട ഹൈക്കോടതി പരാമര്ശത്തിനെതിരെ സുപ്രീം കോടതി. പരാമര്ശങ്ങള് എതിര്ക്കപ്പെടേണ്ടതും ആവശ്യമില്ലാത്തതുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജഡ്ജിമാര് വ്യക്തിപരമായ അഭിപ്രായങ്ങള് വിധിന്യായത്തില് എഴുതരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനല്കുന്ന ജീവിക്കാനുള്ള അവകാശം കൗമാരപ്രായക്കാരായ പെണ്കുട്ടികള്ക്കുണ്ട്. ഇതിന്റെ ലംഘനമാണ് ഹൈക്കോടതിയുടെ പരാമര്ശമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിയില് സ്വമേധയാ ഹര്ജി സ്വീകരിച്ച സുപ്രീം കോടതി പശ്ചിമ ബംഗാള് സര്ക്കാരിനും മറ്റ് എതിര് കക്ഷികള്ക്കും നോട്ടീസയച്ചു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല് നല്കിയോ എന്ന് അറിയിക്കണമെന്നാണ് സംസ്ഥാന സര്ക്കാരിന് നല്കിയ നിര്ദ്ദേശം.

പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് കൊൽക്കത്ത ഹൈക്കോടതിയുടെ നിരീക്ഷണം. രണ്ട് മിനുട്ടിലെ സന്തോഷം കണ്ടെത്തുന്നതിന് പകരം ലൈംഗിക ആവശ്യങ്ങളെ കൗമാരപ്രായത്തിലുള്ള പെണ്കുട്ടികള് നിയന്ത്രിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. സമപ്രായത്തിലുള്ള ആൺകുട്ടികള് പെണ്കുട്ടികളെയും സ്ത്രീകളെയും മാനിക്കണം. സ്ത്രീത്വത്തിന്റെ അന്തസും ശരീര സ്വാതന്ത്ര്യവും മാനിക്കണമെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില് പറയുന്നു. പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട സംഭവത്തിലാണ് പോക്സോ നിയമ പ്രകാരം യുവാവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയത്.

'രണ്ടു മിനുട്ട് സന്തോഷത്തിനു പകരം പെണ്കുട്ടികള് ലൈംഗിക താൽപ്പര്യം നിയന്ത്രിക്കണം'; കോടതി

ശരീരത്തിന്റെ അവകാശങ്ങളും അന്തസും ഉയര്ത്തിപ്പിടിക്കേണ്ടത് കൗമാര പ്രായക്കാരായ പെണ്കുട്ടികളുടെ ചുമതലയാണ്. സ്വന്തം മൂല്യം തിരിച്ചറിയുകയും അന്തസ് സംരക്ഷിക്കുകയും വേണം. ലിംഗസ്വത്വത്തിന്റെ മതിലുകള്ക്കപ്പുറം എല്ലാ മേഖലയിലും കഴിവുകള് ഉയര്ത്തിപ്പിടിക്കാന് പരിശ്രമിക്കണം. സ്വകാര്യത സംരക്ഷിക്കണമെന്നുമുള്ള നിരീക്ഷണങ്ങളും ഹൈക്കോടതി നടത്തിയിരുന്നു.

dot image
To advertise here,contact us
dot image