മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആരെന്നതിൽ ഇതുവരെ സമവായമില്ല; നിരീക്ഷകരെ നിയമിക്കാൻ ബിജെപി

മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെയാണ് മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്

dot image

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയും മുഖ്യമന്ത്രിമാർ ആരൊക്കെ എന്നതിൽ അന്തിമ തീരുമാനത്തിലെത്താൻ ബിജെപിക്ക് സാധിച്ചിട്ടില്ല. അന്തിമ തീരുമാനത്തിനായി പാർട്ടി നാളെ മൂന്ന് സംസ്ഥാനങ്ങളിലേക്കും നിരീക്ഷകരെ നിയമിക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിൽ ചില പേരുകളുണ്ടെന്നും റിപ്പോർട്ടുണ്ട്.

മൂന്ന് സംസ്ഥാനങ്ങളിലെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗങ്ങൾക്ക് നിരീക്ഷകർ മേൽനോട്ടം വഹിക്കും. ആ യോഗങ്ങളിൽ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കും. മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെയാണ് മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

മധ്യപ്രദേശിൽ മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റേത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറയപ്പെടുന്ന പേരുകളിൽ ഒന്നാണ്. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമർ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

ഛത്തീസ്ഗഢിൽ മുൻ മുഖ്യമന്ത്രി രമൺ സിംഗ്, സംസ്ഥാന ബിജെപി അധ്യക്ഷൻ അരുൺ കുമാർ സാവോ, പ്രതിപക്ഷ നേതാവ് ധരംലാൽ കൗശിക്, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഒപി ചൗധരി എന്നിവരുടെ പേരുകളാണ് പ്രധാനമായി പറയപ്പെടുന്നത്. രമൺ സിംഗ് ഒഴികളെയുള്ള മൂന്നുപേരും ഒബിസി വിഭാഗങ്ങളിലുള്ളവരാണ്.

'മുഖ്യമന്ത്രി ജനങ്ങള്ക്ക് പ്രാപ്യന്'; പ്രഗതിഭവന് ജനങ്ങള്ക്കായി തുറന്ന് രേവന്ത് റെഡ്ഡി

രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയാണ് സാധ്യത പട്ടികയിൽ മുന്നിലുള്ളത്. തിങ്കളാഴ്ച 25 ഓളം ബിജെപി എംഎൽഎമാർ വസുന്ധര രാജെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാധാരണമായ കൂടിക്കാഴ്ചയെന്ന് വിശേഷിപ്പിച്ചെങ്കിലും പാർട്ടി നേതൃത്വം രാജെയെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയാണെങ്കിൽ പിന്തുണയ്ക്കുമെന്ന് അവർ പറഞ്ഞിരുന്നു. വസുന്ധര രാജെ ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി.

dot image
To advertise here,contact us
dot image