
/topnews/national/2023/12/06/according-to-amit-shah-nehrus-decision-to-declare-a-ceasefire-during-the-indo-pak-war-was-a-mistake
ന്യൂഡൽഹി: ഇന്ത്യാ-പാക് യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത് നെഹ്റൂവിയൻ മണ്ടത്തരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ജമ്മു കശ്മീർ പുനഃസംഘടന ഭേദഗതി ബില്ലിൽ മേലുള്ള ചർച്ചയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നെഹ്റുവിനെതിരെ രംഗത്ത് വന്നത്.
'ഇന്ത്യാ പാക് യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത് നെഹ്റുവിയൻ മണ്ടത്തരം. മൂന്ന് ദിവസങ്ങൾക്ക് ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു എങ്കിൽ പാക് അധീന കശ്മീർ എന്നൊന്ന് ഉണ്ടാകില്ലായിരുന്നു', എന്നായിരുന്നു ലോക്സഭയിലെ അമിത്ഷായുടെ പരാമർശം. നമ്മുടെ ആഭ്യന്തര വിഷയം ഐക്യരാഷ്ട്ര സഭയിലേക്ക് കൊണ്ട് പോയത് നെഹ്റുവിന്റെ രണ്ടാമത്തെ മണ്ടത്തരമാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. അമിത് ഷായുടെ പരാമർശത്തിന് പിന്നാലെ ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ സഭയിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നെഹ്റുവിനെ അപമാനിച്ചു എന്നും കോൺഗ്രസ് ആരോപിച്ചു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങളെന്ന് വിളിച്ചതിൽ ഡിഎംകെ എംപി സെന്തിൽകുമാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് സഭാ നടപടികൾ തടസപ്പെട്ടു. പിന്നാലെ ഗോമൂത്ര പരാമർശത്തിൽ ഡിഎംകെ എംപി സഭയിൽ മാപ്പ് പറഞ്ഞു. ജമ്മു കശ്മീർ സംവരണ ഭേദഗതി ബിൽ, ജമ്മു കശ്മീർ പുനഃസംഘടന ഭേദഗതി ബിൽ എന്നിവ ലോക്സഭ പാസാക്കി.