
ഇംഫാൽ: ഏഴ് മാസമായി മണിപ്പൂരിൽ തുടരുന്ന ഇന്റർനെറ്റ് നിരോധനം നീക്കി സർക്കാർ. ചില ജില്ലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളൊഴികെയുള്ള ഇടങ്ങളിലാണ് നിരോധനം നീക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ട് ചെയ്ത ക്രമസമാധാന നിലയും, പൊതുജനങ്ങൾ നേരിടുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ നിരോധനത്തിൽ ഇളവ് നൽകാൻ തീരുമാനിച്ചതെന്ന് കമ്മീഷണർ ടി രഞ്ജിത് സിംഗ് പറഞ്ഞു.
നോട്ടീസ് പ്രകാരം സംഘർഷ ബാധിത പ്രദേശങ്ങളായിരുന്ന ചുരാചന്ദ്പൂർ-ബിഷ്ണുപൂർ, ചുരാചന്ദ്പൂർ- കാക്ചിംഗ്, കാംഗ്പോപി-ഇംഫാൽ വെസ്റ്റ്, കാങ്പോക്പി-ഇംഫാൽ ഈസ്റ്റ്, കാങ്പോക്പി-തൗബൽ, തെങ്നൗപൽ-കാക്കിംഗ് എന്നിവിടങ്ങളിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള പ്രദേങ്ങളിലാണ് വിലക്ക് നീക്കിയിരിക്കുന്നത്.
വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ വീഡിയോ സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിലൂടെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ക്രമസമാധാന പ്രശ്നത്തിനും ഇടയാക്കുമെന്നതിനാലായിരുന്നു സംസ്ഥാനത്ത് ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയിരുന്നത്. മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ 182 പേർ കൊല്ലപ്പെടുകയും 50,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.