
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ സില്ക്യാര തുരങ്കത്തില് കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ച രക്ഷാദൗത്യത്തിന്റെ വിജയം ഏവരേയും വൈകാരികമാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളികളുടെ ക്ഷമയും ധൈര്യവും ഏവരെയും പ്രചോദിപ്പിക്കുന്നു. തൊഴിലാളികൾക്ക് അവരുടെ കുടുംബാംഗങ്ങളെ കാണാൻ സാധിക്കുന്നത് വലിയ ചാരിതാർഥ്യമുണ്ടാക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
400 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. രാജ്യം കണ്ട സങ്കീര്ണമായ രക്ഷാപ്രവര്ത്തനമാണ് വിജയം കണ്ടത്. രക്ഷാപ്രവര്ത്തനം ഉച്ചയോടെ മാനുവല് ഡ്രില്ലിങ് പൂര്ത്തിയാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു. പിന്നാലെ പത്തില് അധികം വരുന്ന ആംബുലന്സുകളും മറ്റ് സജ്ജീകരണങ്ങളും തുരങ്കത്തിലേക്ക് എത്തി. ഡോക്ടര്മാര് അടക്കമുള്ളവരും സ്ഥലത്ത് ഉണ്ടായിരുന്നു.
രക്ഷാദൗത്യം വിജയം; 41 തൊഴിലാളികളേയും പുറത്തെത്തിച്ചുഎന്ഡിആര്എഫിന്റെ മൂന്നംഗസംഘം തുരങ്കത്തിനുള്ളിലെത്തിച്ചാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രക്ഷാപ്രവര്ത്തനത്തിലുടനീളം സംഭവസ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രി പുഷ്കര് സിംഗ് ധാമി തൊഴിലാളികളുമായി സംസാരിക്കുകയും ആരോഗ്യസ്ഥിതി ചോദിച്ചറിയുകയും ചെയ്തു.