
ബെംഗളുരു: തേജസ് യുദ്ധവിമാനത്തിൽ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിലെത്തിയാണ് മോദി തേജസിൽ യാത്ര ചെയ്തത്. പിന്നാലെ അഭിമാന നിമിഷമെന്ന് യാത്രയെ പ്രധാനമന്ത്രി കുറിച്ചു.
അവിശ്വസനീയം, അഭിമാനകരം എന്നായിരുന്നു ബെംഗളൂരു എച്ച്എഎല്ലിൽ തേജസ് യുദ്ധവിമാനത്തിൽ പറന്ന ശേഷം പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച പോർവിമാനമാണ് തേജസ്. സിംഗിൾ സീറ്റർ ഫൈറ്റർ എയർക്രാഫ്റ്റാണെങ്കിലും വ്യോമസേനയും നാവികസേനയും ഉപയോഗിക്കുന്ന ഇരട്ട സീറ്റ് ട്രെയിനർ വേരിയന്റിലായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളിൽ ആത്മവിശ്വാസം വർധിച്ചെന്നും പ്രധാനമന്ത്രി കുറിച്ചു.
ഒരാഴ്ച മുൻപ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും തേജസിൽ യാത്ര ചെയ്തിരുന്നു. 2001 മുതൽ അമ്പതിലധികം തേജസ് യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് എച്ച്എഎൽ നിർമിച്ച് നൽകിയിട്ടുണ്ട്. കൂടുതൽ വിമാനങ്ങൾക്ക് നിർദേശവും നൽകി. അപകടരഹിത പറക്കലിന്റെ മികച്ച സുരക്ഷാ ട്രാക്ക് റെക്കോർഡുള്ള തേജസ് യുദ്ധവിമാനം വാങ്ങാൻ ഓസ്ട്രേലിയ, അർജന്റീന, ശ്രീലങ്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.