സൗമ്യ വിശ്വനാഥൻ വധക്കേസ്; നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

പതിനഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്.

dot image

ഡൽഹി: മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ വധക്കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. സാകേത് അഡിഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. അജയ് സേഥിക്ക് മൂന്ന് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. 15 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്.

നഷ്ടമായത് മികച്ച മാധ്യമപ്രവർത്തകയെ എന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകൾ സ്ത്രീ സുരക്ഷയ്ക്ക് വെല്ലുവിളിയെന്നും സ്ത്രീസുരക്ഷ പരമപ്രധാനമെന്നും കോടതി വിലയിരുത്തി. ശിക്ഷാവിധിയിൽ സന്തോഷമെന്ന് സൗമ്യയുടെ കുടുംബം കോടതി വിധിയോട് പ്രതികരിച്ചു.

2008 സെപ്റ്റംബര് 30-നാണ് ഡൽഹിയിൽ വച്ച് ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ 'ഹെഡ്ലൈന്സ് ടുഡേ' ചാനലില് മാധ്യമപ്രവര്ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കാർ അപകടത്തിൽ മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പരിശോധനയിൽ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തി.

ഒരു വർഷത്തിന് ശേഷം 2009 മാർച്ചിൽ കോള് സെന്റര് ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില് അറസ്റ്റിലായ പ്രതികളിൽ നിന്നാണ് 2008 ൽ സൗമ്യയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുണ്ടാകുന്നത്. കവര്ച്ചയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. രവി കപൂര്, അമിത് ശുക്ല, ബല്ജീത് മാലിക്, അജയ് സേഥി എന്നീ പ്രതികള് 2009 മുതല് കസ്റ്റഡിയിലാണ്. ഇവരുടെ പേരില് മോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം) പ്രകാരമാണ് കേസെടുത്തത്.

dot image
To advertise here,contact us
dot image