
/topnews/national/2023/11/25/court-rejects-anticipatory-bail-plea-of-actor-mansoor-ali-khan-in-sexual-remark-case-against-trisha
ചെന്നൈ: : നടി തൃഷയ്ക്കെതിരെ ലൈംഗിക പരാമർശം നടത്തിയ കേസിൽ നടൻ മൻസൂർ അലി ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. വെള്ളിയാഴ്ച ചെന്നൈയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മതിയായ വിശദാംശങ്ങളില്ലാതെയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ് അല്ലി ജാമ്യാപേക്ഷ തള്ളിയത്.
ചെന്നൈ തൗസൻഡ് ലൈറ്റ്സ് ഓൾ വനിതാ പൊലീസ് സ്റ്റേഷനിലായിരുന്നു മൻസൂർ അലി ഖാനെതിരെ കേസെടുത്തത്. പരാമർശത്തിൽ കേസെടുക്കാൻ ദേശീയ വനിതാ കമ്മീഷൻ നിർദേശം നൽകിയിരുന്നു. സിആർപിസി 41-എ വകുപ്പ് പ്രകാരമാണ് സമൻസ് അയച്ചത്. വിഷയത്തിൽ സ്വമേധയാ ഇടപെട്ട വനിതാ കമ്മീഷൻ ഐപിസി സെക്ഷൻ 509 ബിയും മറ്റ് പ്രസക്തമായ വകുപ്പുകളും ചേർത്ത് നടനെതിരെ കേസെടുക്കാൻ തമിഴ്നാട് ഡിജിപിയോട് നിർദേശിക്കുകയായിരുന്നു.
'ലിയോ'യിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മൻസൂർ അലി ഖാന്റെ പരാമർശം. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു.
'തെറ്റുപറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവീകം'; മൻസൂർ അലി ഖാന്റെ മാപ്പിൽ പ്രതികരിച്ച് തൃഷഅതേസമയം പരാമർശത്തിൽ മൻസൂർ അലി ഖാൻ തൃഷയ്ക്ക് മാപ്പ് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രസ്തവനയിറക്കിയിരുന്നു. 'എന്റെ വാക്കുകൾ സഹപ്രവർത്തകയെ വേദനിപ്പിച്ചെന്നു മനസിലാക്കുന്നു. തൃഷ, ദയവായി എന്നോട് ക്ഷമിക്കൂ' എന്നാണ് മൻസൂർ അലി ഖാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞത്. നടന്റെ മാപ്പിന് പിന്നാലെ തൃഷയും പ്രതികരിച്ചിരുന്നു. 'തെറ്റുപറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവീകം' എന്നാണ് തൃഷ എക്സിൽ പോസ്റ്റ് ചെയ്തത്. മൻസൂർ അലി ഖാന്റെ പേര് പരാമർശിക്കാതെയാണ് തൃഷ പോസ്റ്റിട്ടത്.