റൺവേയിൽ ഡ്രോണുകൾ; ഇംഫാൽ വിമാനത്താവളത്തിൽ നിയന്ത്രണം; മൂന്ന് മണിക്കൂറിന് ശേഷം പറക്കാൻ അനുമതി

ഇംഫാൽ എയർപോർട്ട് ഡയറക്ടർ ചിപെമ്മി കെയ്ഷിംഗ് പ്രസ്താവനയിൽ ഡ്രോൺ കണ്ടതായി സ്ഥിരീകരിച്ചു

dot image

ഇംഫാൽ: ഇംഫാൽ വിമാനത്താവളത്തിലെ റൺവേയ്ക്ക് സമീപം രണ്ട് ഡ്രോണുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മൂന്ന് വിമാനങ്ങൾക്ക് പറന്നുയരാൻ അനുമതി നൽകാതെ അധികൃതർ. രണ്ട് എയർ ഇന്ത്യ വിമാനത്തിനും ഒരു ഇൻഡിഗോ വിമാനത്തിനുമാണ് ടേക്ക് ഓഫ് ചെയ്യരുതെന്ന് നിർദ്ദേശം നൽകിയത്. ഇംഫാൽ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ കൊൽക്കത്തയിലേക്ക് തിരിച്ചുവിടുകയും ചെയ്തു. മൂന്ന് മണിക്കൂറിന് ശേഷം കമ്പീറ്റന്റ് അതോറിറ്റി സുരക്ഷാ അനുമതി നൽകിയതിന് ശേഷമാണ് മൂന്ന് വിമാനങ്ങളും പുറപ്പെട്ടത്. വൈകുന്നേരം 6.15 ഓടെയായിരുന്നു വിമാനങ്ങൾക്ക് പറന്നുയരാൻ അനുമതി ലഭിച്ചത്.

അപകട സൂചനയെ തുടർന്ന് വിമാനത്താവള അധികൃതർ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ നിയന്ത്രിത വ്യോമപാത അടച്ച് എല്ലാ വിമാന സർവ്വീസും നിർത്തിവെച്ചിരുന്നു.

എയർ ട്രാഫിക് കൺട്രോളും മറ്റുജീവനക്കാരും ഉച്ചയ്ക്ക് 2 മണിയോടെയാണ് റൺവേയിൽ ഡ്രോണുകൾ കണ്ടത്. ഇംഫാൽ എയർപോർട്ട് ഡയറക്ടർ ചിപെമ്മി കെയ്ഷിംഗ് പ്രസ്താവനയിൽ ഡ്രോൺ കണ്ടതായി സ്ഥിരീകരിച്ചു. സാമാന്യം വലിയ വസ്തു ഒരു മണിക്കൂറിലധികം പറക്കുന്നത് കണ്ടതായി വിമാനത്താവളത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനങ്ങൾ ഒന്നിനുപുറകെ ഒന്നായി പറന്നുയരുന്നതുവരെ പലരും വിമാനത്താവളത്തിനകത്തും ചിലർ മൂന്ന് മണിക്കൂറിലധികം വിമാനത്തിനുള്ളിലുമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

dot image
To advertise here,contact us
dot image