'പാനലുകൾക്ക് ക്രിമിനൽ അധികാരപരിധിയില്ല'; പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്കെതിരെ മഹുവാ മൊയ്ത്ര

തന്റെ കാര്യത്തിലും രമേശ് ബിധുഡിയുടെ കാര്യത്തിലും എത്തിക്സ് കമ്മിറ്റി സ്വീകരിച്ചത് രണ്ട് നിലപാട് എന്ന് മഹുവ കത്തിൽ ആരോപിക്കുന്നു.

dot image

ഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്ന് പണം കൈപറ്റിയെന്ന് ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എത്തിക്സ് കമ്മറ്റിക്ക് മുമ്പാകെ നാളെ ഹാജരാകും. ഹാജരാകാൻ സമയം നീട്ടി ചോദിച്ച കാര്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടി മഹുവ എത്തിക്സ് കമ്മറ്റിക്ക് കത്തയച്ചു. ഡാനിഷ് അലിക്ക് എതിരായ വിദ്വേഷ പരാമർശത്തിൽ ബിജെപി അംഗം രമേശ് ബിധുഡിക്ക് കൂടുതൽ സമയം അനുവദിച്ചത് കത്തിൽ ചൂണ്ടി കാട്ടുന്നുണ്ട്. തന്റെ കാര്യത്തിലും രമേശ് ബിധുഡിയുടെ കാര്യത്തിലും എത്തിക്സ് കമ്മിറ്റി സ്വീകരിച്ചത് രണ്ട് നിലപാട് എന്ന് മഹുവ കത്തിൽ ആരോപിക്കുന്നു.

പാനലുകൾക്ക് ക്രിമിനൽ അധികാരപരിധിയില്ല എന്നും എത്തിക്സ് കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ സോങ്കറിന് അയച്ച കത്തിൽ മഹുവ ആരോപിച്ചു. കൈക്കൂലി പരാതി അന്വേഷിക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. വ്യവസായി ദർശൻ ഹിരാനന്ദാനിയോടും, ജയ് അനന്ത് ദേഹാദ്രയോടും ചോദ്യങ്ങൾ ഉന്നയിക്കാൻ അനുവദിക്കണമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.

ഈ മാസം 31ന് ഹാജരാകാനായിരുന്നു എത്തിക്സ് കമ്മിറ്റി ആദ്യം നൽകിയ നിർദേശം. എന്നാൽ ദുർഗാ പൂജയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാനുള്ളതു കൊണ്ട് ഹാജരാകാൻ കഴിയില്ലെന്ന് മഹുവ അറിയിച്ചു. നവംബർ അഞ്ചിനു ശേഷം കമ്മറ്റി നിർദേശിക്കുന്ന ഏതു ദിവസവും ഹാജരാകാൻ തയ്യാറാണെന്നായിരുന്നു പാർലമെന്റ് എത്തിക്സ് കമ്മറ്റി അയച്ച സമൻസിന് മഹുവ നൽകിയ മറുപടി. എന്നാൽ, നവംബർ രണ്ടിന് തന്നെ ഹാജരാകണമെന്ന് കമ്മിറ്റി നിർദ്ദേശിക്കുകയായിരുന്നു.

അദാനിക്കെതിരെ ചോദ്യം ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണം കൈപ്പറ്റിയെന്നാരോപിച്ചാണ് ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്തുവന്നത്. പാർലമെന്റ് ലോഗിനും പാസ്വേഡും തന്റെ സുഹൃത്തും വ്യവസായിയുമായ ദർശൻ ഹിരാനന്ദാനിക്ക് നൽകിയെന്ന് മഹുവ മൊയ്ത്ര സമ്മതിച്ചു. എന്നാൽ പണമൊന്നും വാങ്ങിയിട്ടില്ലെന്നും മഹുവ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ലോഗിനും പാസ്വേഡുകളും ദർശന്റെ ടീമിന്റെ പക്കലുണ്ട്. അവരുടെ ഓഫീസിലെ ഒരാൾക്ക് ചോദ്യങ്ങൾ ടൈപ്പ് ചെയ്യാനും അപ്ലോഡ് ചെയ്യാനും ലോഗിൻ നൽകിയിട്ടുണ്ട്.

ഒരു ഒടിപി വരുമെന്നും അത് തന്റെ ഫോണിലേക്ക് മാത്രമേ വരൂ എന്നും മഹുവ പറഞ്ഞു. താൻ ഒടിപി നൽകുമ്പോൾ മാത്രമേ ചോദ്യങ്ങൾ സമർപ്പിക്കുകയുള്ളൂ. താനറിയാതെ ഒരു ചോദ്യവും അതിൽ വരില്ല. ദർശൻ തന്റെ ഐഡിയിൽ ലോഗിൻ ചെയ്ത് സ്വന്തം ചോദ്യങ്ങൾ ചോദിക്കുമെന്നു പറയുന്നത് പരിഹാസ്യമാണ്. അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും നിരസിച്ചുകൊണ്ട് മഹുവ മൊയ്ത്ര വ്യക്തമാക്കിയിരുന്നു

dot image
To advertise here,contact us
dot image