
ന്യൂഡല്ഹി: ആന്ധ്രപ്രദേശിലെ ട്രെയിന് അപകടത്തില് കേന്ദ്രസര്ക്കാരിനെതിരെ രൂക്ഷവിമര്ശനവുമായി കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെ. കൊട്ടിയാഘോഷിച്ച് ട്രെയിനുകള് ഫ്ളാഗ് ഓഫ് ചെയ്യുന്ന അതേ ആവേശം റെയില്വേ സുരക്ഷയ്ക്കും യാത്രക്കാരുടെ ക്ഷേമത്തിനും കാണിക്കണണെന്ന് ഖാര്ഗെ വിമര്ശിച്ചു. ബാലസോര് ദുരന്തത്തിന് ശേഷം കേന്ദ്രത്തിന്റെ സുരക്ഷ ആവിയായി പോയെന്നും ഖാര്ഗെ പറഞ്ഞു. ദുരന്തത്തില് ദുഃഖം രേഖപ്പെടുത്തിയ ഖാര്ഗെ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന് കോണ്ഗ്രസ് പ്രവര്ത്തകര്ക്ക് നിര്ദേശം നല്കി.
ഇന്നലെ രാത്രിയുണ്ടായ അപകടത്തില് മരണസംഖ്യ 13 ആയി. പരിക്കേറ്റ 40 പേര് വിവിധ ആശുപത്രികളില് ചികിത്സയിലാണ്. ഇവര് ആന്ധ്രാപ്രദേശില് നിന്നുള്ളവരാണ്. ഇതില് നാല് പേര് ഗുരുതരാവസ്ഥയിലാണ്. വിജയനഗറിലെ കാണ്ടകപള്ളിയിലായിരുന്നു അപകടമുണ്ടായത്. ഓവര് ഹെഡ് കേബിള് തകരാര് മൂലം നിര്ത്തിയിട്ട വിശാഖപട്ടണം - റായിഘഡ് പാസഞ്ചര് ട്രെയിന് പിന്നിലേക്ക് പാലാസ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തെ തുടര്ന്ന് 18 ട്രെയിനുകള് റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
ലോക്കോ പൈലറ്റിന്റെ പിഴവ് മൂലമാണ് ദുരന്തമുണ്ടായതെന്നും സിഗ്നലിങ് ശ്രദ്ധയില്പ്പെട്ടില്ലെന്നും റെയില്വേ വൃത്തങ്ങള് പറയുന്നു. ഡല്ഹി റെയില്വേ മന്ത്രാലയത്തിലെ വാര് റൂം സ്ഥിതിഗതികള് നിരീക്ഷിച്ചു വരികയാണെന്നും റെയില്വേ വൃത്തങ്ങള് കൂട്ടിച്ചേര്ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ബന്ധപ്പെട്ട് സ്ഥിതിഗതികള് വിലയിരുത്തി. സ്ഥിതിഗതികള് നിയന്ത്രണ വിധേയമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇത്തരം സംഭവങ്ങള് തുടര്ച്ചയായി ഉണ്ടാവുന്നത് ആശങ്കാജനകമെന്ന് എം കെ സ്റ്റാലിന് പ്രതികരിച്ചു.