
May 15, 2025
06:52 AM
പറ്റ്ന: ബിഹാറിൽ ട്രെയിൻ പാളം തെറ്റി നാല് പേർ മരിച്ച സംഭവത്തിൽ അപകടത്തിന് കാരണം പാളത്തിലെ തകരാറെന്ന് പ്രാഥമിക റിപ്പോർട്ട്. 70 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ 12 ഓളം കോച്ചുകൾ പാളം തെറ്റിയതോടെയാണ് അപകടമുണ്ടായത്. ബക്സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. രാത്രി 11.35 ഓടെയാണ് അപകടമുണ്ടായത്. ബിഹാറിൽ നിന്ന് അസ്സമിലെ കാമാഖ്യയിലേക്ക് പോകുകയായിരുന്നു ട്രെയിൻ.
അപകടത്തിൽ വൈദ്യുത തൂണുകളും സിഗ്നൽ പോസ്റ്റുകളും രണ്ട് ട്രാക്കുകളും തകർന്നു. പട്ന, ഝജ്ജ, കിയൂൾ, ജാസിദിഹ്, പാടലീപുത്ര എന്നിവയെ ബന്ധിപ്പിക്കുന്ന നിർണായകമായ ദീൻ ദയാൽ ഉപാധ്യായ-ഹൗറ റൂട്ടിലെ ട്രെയിൻ ആണ് പാളം തെറ്റിയത്. ട്രാക്കിലെ സംവിധാനങ്ങൾ പുനക്രമീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ഇന്ത്യൻ റെയിൽവെ അന്വേഷണം തുടരുകയാണ്.
അപകടത്തിൽ പരിക്കേറ്റവർക്ക് വേണ്ട സഹായം ചെയ്യാൻ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ബക്സറിലെയും അറായിലെയും ഉന്നത ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അതേസമയം, പാളം തെറ്റിയ കോച്ചിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പൊലീസ് സംഘവും നാട്ടുകാരും സംയുക്തമായാണ് രക്ഷപ്പെടുത്തിയത്.
ബിഹാറിലെ ട്രെയിനപകടം: നാല് പേർ മരിച്ചു, 100 പേർക്ക് പരിക്ക്