ഡല്ഹി മദ്യനയ അഴിമതി: ആം ആദ്മി പാര്ട്ടി എം പി സഞ്ജയ് സിങ്ങിന്റെ കസ്റ്റഡി നീട്ടി

നേരത്തെ ഹാജരാക്കുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കോടതി സഞ്ജയ് സിങ്ങിനോട് നിർദ്ദേശിച്ചിരുന്നു

ഡല്ഹി മദ്യനയ അഴിമതി: ആം ആദ്മി പാര്ട്ടി എം പി സഞ്ജയ് സിങ്ങിന്റെ കസ്റ്റഡി നീട്ടി
dot image

ന്യൂഡൽഹി: ഡല്ഹി മദ്യനയ അഴിമതി കേസില് അറസ്റ്റിലായ ആം ആദ്മി പാര്ട്ടിയുടെ രാജ്യസഭാ എം പി സഞ്ജയ് സിങ്ങിന്റെ കസ്റ്റഡി നീട്ടി. മൂന്ന് ദിവസത്തേക്ക് കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. നേരത്തെ ഒക്ടോബർ 10 വരെയായിരുന്നു സഞ്ജയ് സിങ്ങിനെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. സഞ്ജയ് സിങ്ങും കൂട്ടാളികളും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും അതിനാൽ കസ്റ്റഡി നീട്ടണമെന്നുമുള്ള ഇഡിയുടെ ആവശ്യത്തെ തുടർന്നാണ് കോടതി കസ്റ്റഡി നീട്ടിയത്.

നേരത്തെ ഹാജരാക്കുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കോടതി സഞ്ജയ് സിങ്ങിനോട് നിർദ്ദേശിച്ചിരുന്നു. ഇത് സുരക്ഷാ പ്രശ്നമുണ്ടാക്കുന്നുവെന്ന് കോടതി പറഞ്ഞു. സത്യസന്ധതയില്ലാത്തവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണെങ്കിൽ സത്യസന്ധരായ ആളുകൾ തങ്ങളുടെ കൂടെയുണ്ടെന്ന് സഞ്ജയ് സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞതിന് പിന്നാലെയായിരുന്നു കോടതിയുടെ നിർദ്ദേശം.

ഈ മാസം ആദ്യമായിരുന്നു സഞ്ജയ് സിങ് അറസ്റ്റിലായത്. സഞ്ജയ് സിങിന്റെ വസതിയില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം നീണ്ടറെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

ഡൽഹി മദ്യനയ അഴിമതി കേസിൽ എംപി സഞ്ജയ് സിംഗിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പാര്ട്ടി രംഗത്ത് വന്നിരുന്നു. ബിജെപി ദേശീയ ആസ്ഥാനത്തേക്ക് എഎപി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. സഞ്ജയ് സിങ്ങിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇ ഡിക്ക് ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിദ്യാഭ്യാസ മന്ത്രി അതിഷി മർലേന ആരോപിച്ചു.

ഇതിനിടെ ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടിയെ പ്രതി ചേർക്കാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം നടത്തുന്നതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇ ഡി നിയമോപദേശം തേടിയിട്ടുണ്ട്. കേസിൽ എന്തുകൊണ്ട് ബന്ധപ്പെട്ട പാർട്ടിയെ പ്രതി ചേർക്കുന്നില്ലെന്ന് ബുധനാഴ്ച ഡൽഹി മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഹർജികൾ പരിഗണിക്കവെ സുപ്രീംകോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി നിയമോപദേശം തേടിയത്. കേസിൽ ആം ആദ്മി പാർട്ടിയെ എന്തുകൊണ്ട് പ്രതിചേർത്തില്ലെന്ന ചോദ്യത്തിന് സുപ്രീംകോടതി പിന്നീട് വ്യക്തത വരുത്തിയിരുന്നു. ചോദ്യം ഒരു രാഷ്ട്രീയ പാർട്ടിയേയും ഉദ്ദേശിച്ചായിരുന്നില്ല. നിയമപരമായ ചോദ്യം മാത്രമാണ് ഉന്നയിച്ചത്. അഴിമതിയിൽ എഎപിക്ക് സാമ്പത്തിക ലാഭം ഉണ്ടായെങ്കിൽ എന്തുകൊണ്ട് പ്രതിചേർത്തില്ലെന്നായിരുന്നു ചോദ്യമെന്നും സുപ്രീംകോടതി വിശദമാക്കിയിരുന്നു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us