സിക്കിം മിന്നല് പ്രളയം; മരണം 53 ആയി, രക്ഷാപ്രവര്ത്തനം തുടരുന്നു

ഇനിയും 100 അടുത്ത് ആളുകളെ കണ്ടെത്താനുണ്ട്

dot image

ഗാങ്ടോക്: സിക്കിമിലെ മിന്നൽ പ്രളയത്തിൽ ഇതുവരെ 53 പേർ മരിച്ചു. 23 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഇനിയും 100 അടുത്ത് ആളുകളെ കണ്ടെത്താനുണ്ട്. 2011 പേരെയാണ് ഇതുവരെ രക്ഷപെടുത്തിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കന് സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. ഇതിനെ തുടര്ന്ന് ടീസ്ത നദിയില് മിന്നല് പ്രളയം ഉണ്ടാവുകയായിരുന്നു. സൈനിക വാഹനങ്ങള് അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്ട്ട്. സെപ്റ്റംബര് നാലിന് പുലര്ച്ചെ 1.30 ഓടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ചുങ്താങ് അണക്കെട്ടില് നിന്ന് വെള്ളം തുറന്നുവിട്ടതാണ് സാഹചര്യം കൂടുതല് വഷളാക്കിയതെന്ന് അധികൃതര് പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികള് സിക്കിമിന്റെ വിവിധ ഭാഗങ്ങളില് കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥക് പറഞ്ഞിരുന്നു. ചുങ്താങ്ങിലെ ടീസ്റ്റ സ്റ്റേജ് III അണക്കെട്ടില് ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികള് അണക്കെട്ടിന്റെ തുരങ്കങ്ങളില് കുടുങ്ങിയതായി പഥക് അറിയിച്ചു.

14 പാലങ്ങള് ഒലിച്ചു പോയതിനാല് റോഡ് ഗതാഗതം തകര്ന്നിരുന്നു. ഇതില് ഒമ്പതെണ്ണം ബോര്ഡര് റോഡ്സ് ഓര്ഗനൈസേഷന് നിര്മ്മിച്ചതാണ്. അഞ്ചെണ്ണം സംസ്ഥാന സര്ക്കാര് നിര്മ്മിച്ചതുമാണെന്ന് പഥക് പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള് വിലയിരുത്താന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങുമായി സംസാരിച്ചിരുന്നു. 'സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങുമായി സംസാരിക്കുകയും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില് നിര്ഭാഗ്യകരമായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില് സ്ഥിതിഗതികള് വിലയിരുത്തുകയും ചെയ്തു. സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്കി. ദുരിതബാധിതരായ എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാന് പ്രാര്ത്ഥിക്കുന്നു,' മോദി എക്സില് കുറിച്ചത്.

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടീസ്ത നദി തീരത്തു നിന്ന് വിട്ടുനില്ക്കാന് ജനങ്ങളോട് സര്ക്കാര് ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ജല്പായ്ഗുരി ഭരണകൂടം മുന്കരുതല് നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കല് ആരംഭിച്ചിട്ടുണ്ട്. സിങ്തമിലെ നദീതടത്തിന് സമീപമുള്ളവരെ നഗരത്തിലെ താല്ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image