
ഹൈദരാബാദ്: അഴിമതിക്കേസില് അറസ്റ്റിലായ തെലുഗുദേശം പാര്ട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുന് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല. സുപ്രീം കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഒമ്പതിലേക്ക് മാറ്റി.
ജസ്റ്റിസ് അനിരുദ്ധ ബോസ്, ബെലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഈ മാസം ഒമ്പതിന് മുമ്പ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച എല്ലാ രേഖകളും ഹാജരാക്കാൻ ആന്ധ്രപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ രോഹ്തഗിയോട് സുപ്രീംകോടതി നിർദ്ദേശിച്ചു. രാഷ്ട്രീയനേട്ടങ്ങള്ക്കുവേണ്ടി നായിഡുവിനെ കുടുക്കിയതാണെന്നും ആരോപണങ്ങള്ക്ക് തെളിവുകളില്ലെന്നും ചന്ദ്രബാബു നായിഡുവിന് വേണ്ടി ഹാജരായ അഭിഭാഷകർ ഹരീഷ് സാൽവെ, അഭിഷേക് സിംഗ്വി, സിദ്ധാർഥ് ലുത്ര എന്നിവർ വാദിച്ചു.
സെപ്തംബർ ഒമ്പതിനാണ് 73കാരനായ ചന്ദ്രബാബു നായിഡുവിനെ ആന്ധ്രപ്രദേശ് സ്റ്റേറ്റ് സ്കില് ഡെവലപ്മെന്റ് കോര്പറേഷനുമായി ബന്ധപ്പെട്ടുള്ള 371 കോടി രൂപയുടെ അഴിമതി കേസിൽ അറസ്റ്റ് ചെയ്തത്. 2014 - 2019 കാലയളവില് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി ആയിരിക്കെയാണ് സംസ്ഥാനത്ത് എന്ജിനീയറിങ് വിദ്യാര്ഥികള്ക്കായി വൈദഗ്ധ്യ നൈപുണ്യ വികസന പദ്ധതി എന്ന രീതിയില് എ പി സ്കില് ഡെവലപ്മെന്റ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആരോപണമുയര്ന്ന അഴിമതിക്കേസിലാണ്, ആദ്യഘട്ടത്തില് ഇ ഡിയും ആന്ധ്രാപ്രദേശ് സി ഐ ഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസില് ഒന്നാം പ്രതിയാണ് ചന്ദ്രബാബു നായിഡു. 2021ലാണ് ചന്ദ്രബാബു നായിഡുവിനെതിരെ എഫ്ഐആര് രേഖപ്പെടുത്തിയത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക