
മുംബൈ: ഛത്രപതി ശിവജിയുടെ ആയുധമെന്ന് കരുതുന്ന പുലിനഖം ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ നീക്കത്തിനെതിരെ ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നവംബറിൽ ലണ്ടനിലെ മ്യൂസിയത്തിൽനിന്നു പുലിനഖം മഹാരാഷ്ട്രയിൽ എത്തിക്കുമെന്ന് മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധിര് മുഗന്തിവാര് അറിയിച്ചിരുന്നു. ഇതിനെതിരെയാണ് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്. തീരുമാനം വാഗ് നഖിന് അപമാനമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
''മഹാരാഷ്ട്രയുടെ അഭിമാനമായ വാഗ് നഖിന് ഇത് അപമാനമാണ്. എല്ലാ പ്രതിബന്ധങ്ങളോടും പൊരുതിയ ഛത്രപതി ശിവജി മഹാരാജിന്റെ യഥാർത്ഥ വാഗ് നഖ് ശിവസേനയാണ്. മഹാരാഷ്ട്രയുടെ ആത്മാഭിമാനവും അഖണ്ഡതയും സംരക്ഷിക്കാൻ ഉപയോഗിച്ച ആയുധം കൊണ്ടുവന്ന് നിങ്ങൾ എന്ത് ചെയ്യും? "സഞ്ജയ് റാവത്ത് ചോദിച്ചു. ശിവസേനയെ ഭിന്നിപ്പിച്ച് ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമിച്ചതെന്നും റാവത്ത് ആരോപിച്ചു.
യുകെയിലെ മ്യൂസിയത്തിൽ നിന്ന് മൂന്ന് വർഷത്തെ വായ്പയിലാണ് ആയുധം ഇന്ത്യയിലെത്തിക്കുന്നത്. 1659-ല് ബീജാപൂര് സുല്ത്താനെ പരാജയപ്പെടുത്താനായി ഛത്രപതി ശിവജി ഉപയോഗിച്ചിരുന്ന ആയുധമാണ് ഈ പുലിനഖം. ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികമാണ് ഈ വർഷം. പുലിനഖമെത്തിച്ച ശേഷം ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിൽ സൂക്ഷിക്കും.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക