കേരളത്തിലെ മാത്രമല്ല അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നറിയാം

ത്രിപുരയിലെ ധൻപുർ, ബോക്സാനഗർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ഉത്തർപ്രദേശിലെ ഘോസി, ജാർഖണ്ഡിലെ ദുംറി

dot image

ന്യൂഡൽഹി: കേരളത്തിന് പുറമെ അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്ന് അറിയാം. ത്രിപുരയിലെ ധൻപുർ, ബോക്സാനഗർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ഉത്തർപ്രദേശിലെ ഘോസി, ജാർഖണ്ഡിലെ ദുംറി എന്നി മണ്ഡലങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. സിപിഐഎം - ബിജെപി മത്സരം നടന്ന ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ സിപിഐഎം ബഹിഷ്കരിക്കും. സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ആരോപിച്ചാണ് ബഹിഷ്കരണം. ഇവിടെ വ്യാപകമായ കള്ളവോട്ട് നടന്നതായും സിപിഐഎം ആരോപിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ ഘോസിയിൽ ബിജെപിയും ഇൻഡ്യ സഖ്യവും തമ്മിലാണ് പോരാട്ടം. പശ്ചിമബംഗാളിലെ ദുപ്ഗുഡിയിൽ തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം - കോൺഗ്രസ് സഖ്യവും തമ്മിലാണ് മത്സരം.

ധൻപുരിൽ 81.88 ശതമാനവും ബോക്സാനഗറിൽ 86.34 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ബിജെപി, ടിഎംസി, കോൺഗ്രസ് - സിപിഐഎം സഖ്യം മത്സരം നടക്കുന്ന പശ്ചിമ ബംഗാളിലെ ദുപ്ഗുരിയിൽ 74.35 ശതമാനമാണ് പോളിംഗ്. ഉത്തരാഖണ്ഡ് ബാഗേശ്വർ മണ്ഡലത്തിൽ 55.01 ശതമാനവും ഉത്തർപ്രദേശ് ഘോസി മണ്ഡലത്തിൽ 49.42 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ജാർഖണ്ഡിലെ ദുംറിയിൽ 63.75 ശതമാനമാണ് പോളിംഗ്.

ഘോസി; ഉത്തർപ്രദേശ്

ബിജെപി, സമാജ്വാദി പാർട്ടി മത്സരമാണ് ഉത്തർ പ്രദേശിലെ ഉപതിരഞ്ഞെടുപ്പിൽ കാണാനായത്. എസ്പിയുടെ ധാരാ സിംഗ് ചൗഹാൻ രാജിവെച്ച് ബിജെപി പാളയത്തിൽ ചേക്കേറിയതോടെയാണ് ഘോസിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ധാരാ സിംഗ് ചൗഹാൻ ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിച്ചപ്പോൾ എസ്പിയുടെ സുധാകർ സിംഗ് ആണ് എതിർ സ്ഥാനാർത്ഥി. കോൺഗ്രസും ഇടത് പാർട്ടികളും എസ്പിയെ പിന്തുണച്ചു. മായാവതിയുടെ ബിഎസ്പി സ്ഥാനാർത്ഥിയെ നിർത്തിയില്ല.

ദുപ്ഗുരി; പശ്ചിമ ബംഗാൾ

ബിജെപി എംഎൽഎ ബിഷു പാദ റായുടെ മരണത്തെ തുടർന്നാണ് ദുപ്ഗുരിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 4300 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2021 ൽ ബിജെപി ദുപ്ഗുരിയിൽ വിജയിച്ചത്. ബിജെപി, ടിഎംസി, കോൺഗ്രസ് - സിപിഐഎം സഖ്യം തമ്മിലാണ് ഇവിടെ മത്സരം.

വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ ജഗന്നാഥ് റോയിയുടെ ഭാര്യ തപസി റോയിയാണ് ബിജെപി സ്ഥാനാർത്ഥി. പ്രൊഫ. നിർമൽ ചന്ദ്ര റോയിയാണ് തൃണമൂൽ സ്ഥാനാർത്ഥി. സിപിഐഎം സ്ഥാനാർത്ഥി ഈശ്വർ ചന്ദ്ര റോയിക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ധൻപുർ, ബോക്സാനഗർ; ത്രിപുര

സിപിഐഎമ്മും ബിജെപിയും തമ്മിലാണ് ധൻപുർ, ബോക്സാനഗർ മണ്ഡലങ്ങളിലെ ഉപ തിരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത്. കോൺഗ്രസും തിപ്ര മോതയും സ്ഥാനാർത്ഥികളെ ഇറക്കിയില്ല. ധൻപുർ മണ്ഡലത്തിൽ ബിജെപിയുടെ ബിന്ദു ധേപ്നാഥും സിപിഐഎമ്മിന്റെ കൗശിക് ചന്ദ്രയുമാണ് മത്സരിക്കുന്നത്.

ബോക്സാനഗറിൽ തഫ്ജാൽ ഹുസൈൻ ആണ് ബിജെപി സ്ഥാനാർത്ഥി. സിപിഐഎമ്മിനോട് നേരത്തേ തഫ്ജാൽ പരാജയപ്പെട്ടിരുന്നു. മിസാൻ ഹുസൈൻ ആണ് സിപിഐഎം സ്ഥാനാർത്ഥി. മുഖ്യമന്ത്രി മാണിക് ഷാ അടക്കം ക്യാമ്പ് ചെയ്ത് വലിയ പ്രചാരണമാണ് ഭരണപാർട്ടിയായ ബിജെപി മണ്ഡലത്തിൽ നടത്തിയത്.

ബാഗേശ്വർ; ഉത്തരാഖണ്ഡ്

ബിജെപി, കോൺഗ്രസ് മത്സരമാണ് ബാഗേശ്വരിൽ നടന്നത്. ബിജെപിയുടെ സിറ്റിംഗ് എംഎൽഎ ചന്ദൻ റാം ദാസിന്റെ വിയോഗത്തോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചന്ദൻ റാം ദാസിന്റെ ഭാര്യ പാർവ്വതി ദാസ് ആണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. ബസന്ദ് കുമാറാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ഇതിന് പുറമെ എസ്പി, ഉത്തരാഖണ്ഡ് ക്രാന്തി ദൾ, ഉത്തരാഖണ്ഡ് പരിവർത്തൻ പാർട്ടി എന്നിവരും മത്സരരംഗത്തുണ്ട്.

ദുംറി; ജാർഖണ്ഡ്

ജാർഖണ്ഡ് മുക്തി മോർച്ചയുടെ പ്രതിനിധിയായിരുന്ന മന്ത്രി ജഗന്നാഥ് മഹ്തോയുടെ മരണത്തോടെയാണ് ദുംറിയിൽ തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി പിന്തുണയിൽ എജെഎസ് യു സ്ഥാനാർത്ഥി യശോദ ദേവി, ഇൻഡ്യ സംഖ്യത്തിൽ നിന്ന് ജഗന്നാഥ് മഹ്തോയുടെ ഭാര്യ ബേബി ദേവിയുമാണ് മത്സരിച്ചത്. എഐഎംഐഎമ്മിന്റെ സ്ഥാനാർത്ഥിയും തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. ജഗന്നാഥ് മഹ്തോ കഴിഞ്ഞ 20 വർഷമായി ഇവിടുത്തെ സിറ്റിംഗ് എംഎൽഎയാണ്.

dot image
To advertise here,contact us
dot image