
ന്യൂഡല്ഹി: ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന പദമുപയോഗിക്കണമെന്ന വിഷയത്തില് നിലപാട് വ്യക്തമാക്കി ഇന്ത്യന് പുരുഷ ഹോക്കി ഗോള്കീപ്പറും മലയാളി താരവുമായ പി ആര് ശ്രീജേഷ്. 'ഭാരത്' എന്ന പദം എപ്പോഴും നമുക്കൊപ്പമുണ്ടായിരുന്നു. എന്നാല് ഇന്ത്യയില് നിന്ന് ഭാരതത്തിലേക്കുള്ള മാറ്റം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ശ്രീജേഷ് വ്യക്തമാക്കി.
ചൊവ്വാഴ്ച നടന്ന ഏഷ്യന് ഗെയിംസിനുള്ള ഇന്ത്യന് ടീമിന്റെ ജേഴ്സിയുടെ പ്രകാശന പരിപാടിയിലാണ് വിഷയത്തില് ശ്രീജേഷ് നിലപാടറിയിച്ചത്. 'എനിക്ക് ഇതൊരു പുതിയ ചോദ്യമാണ്. കാരണം 'ഭാരത് മാതാ കീ ജയ്' എന്ന് പറയുമ്പോള് എനിക്ക് അങ്ങനെയൊന്നും തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ ഭാരത് എപ്പോഴും അവിടെയുണ്ടായിരുന്നു. ഇപ്പോള് ഇന്ത്യക്ക് പകരമായി നിങ്ങള് ഭാരത് എന്ന് ഉപയോഗിക്കണമെന്ന് പറയുന്നു. എന്നാല് ഇന്ത്യ എന്ന് വര്ഷങ്ങളായി ഉപയോഗിക്കുന്നതുകൊണ്ട് തന്നെ 'ഭാരത്' നമുക്ക് വിചിത്രമായി തോന്നിയേക്കാം. പക്ഷേ തീര്ച്ചയായും ഇന്ത്യയില് നിന്ന് ഭാരതത്തിലേക്കുള്ള മാറ്റം വെല്ലുവിളി നിറഞ്ഞതായിരിക്കും', ശ്രീജേഷ് പറഞ്ഞു.
#WATCH | Delhi | Indian Hockey goalkeeper PR Sreejesh says, "That is a new question for me because I never felt it like that because we always say 'Bharat Mata Ki Jai'. So Bharat is always there. Now, instead of India, you are writing Bharat. I think for me, it is going to be a… pic.twitter.com/ramKG5zdqr
— ANI (@ANI) September 5, 2023
സെപ്റ്റംബര് 23 മുതല് ഒക്ടോബര് എട്ട് വരെയാണ് ചൈനയിലെ ഹാങ്ഷുവില് 2023 ഏഷ്യന് ഗെയിംസ് നടക്കുന്നത്. ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിന് താരങ്ങള് ധരിക്കേണ്ട വസ്ത്രങ്ങളും പ്ലേയിങ്ങ് കിറ്റുകളും ഇന്ത്യന് ഒളിമ്പിക് അസോസിയേഷന് ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു. ശ്രീജേഷിന് പുറമേ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്, ഐഒഎ പ്രസിഡന്റ് പി ടി ഉഷ, മറ്റ് മുതിര്ന്ന ഉദ്യോഗസ്ഥര് എന്നിവരും ചടങ്ങില് പങ്കെടുത്തു.
അതേസമയം, ജി20 ഉച്ചകോടിയില് പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്ക്കുള്ള ക്ഷണക്കത്തില് 'ഇന്ത്യന് രാഷ്ട്രപതി' എന്നതിനു പകരമായി 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയത് രാജ്യത്താകമാനം വലിയ ചര്ച്ചകള്ക്കും വിവാദങ്ങള്ക്കും ഇടയാക്കിയിട്ടുണ്ട്. സെപ്റ്റംബര് ഒന്പതിന് നടക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിലാണ് പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക രേഖകളില് രാഷ്ട്രപതിയുടെ പേര് ആദ്യമായാണ് ഇത്തരത്തില് ഉപയോഗിക്കുന്നത്.
കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ഡോനേഷ്യന് സന്ദര്ശനവുമായി ബന്ധപ്പെട്ട കുറിപ്പിലും ഭാരത് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രൈം മിനിസ്റ്റര് ഓഫ് ഭാരത് എന്നാണ് പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ മാസം ഏഴിന് നടക്കാനിരിക്കുന്ന 20-ാമത് ആസിയാന്- ഇന്ത്യ ഉച്ചകോടിക്കുള്ള സന്ദര്ശനത്തിന്റെ ഭാഗമായുള്ള കുറിപ്പിലാണ് ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ഉള്പ്പെടുത്തിയിരിക്കുന്നത്.