'കാമ്പസിൽ കീറിയ ജീൻസ് പാടില്ല': വിദ്യാർഥികൾ സത്യവാങ്മൂലം നൽകണമെന്ന് നിര്ദേശിച്ച് കോളേജ് അധികൃതർ

'മാന്യമല്ലാത്ത' വസ്ത്രങ്ങൾ കാമ്പസിനകത്ത് ധരിക്കില്ലെന്ന് സത്യവാങ്മൂലം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്

dot image

കൊൽക്കത്ത: ക്യാമ്പസിനുള്ളിൽ വിദ്യാർഥികൾ കീറിയ രീതിയിലുള്ള ജീൻസ് ധരിക്കരുതെന്ന നിർദേശവുമായി അധികൃതർ. ആചാര്യ ജഗദീഷ് ചന്ദ്രബോസ് കോളേജിൽ പുതുതായി പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കാണ് നിർദേശം. കീറലുള്ള ജീൻസിട്ട് കാമ്പസിനകത്ത് പ്രവേശിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാവശ്യപ്പെട്ട് അധികൃതർ നോട്ടീസ് നൽകി. കീറിപ്പറിഞ്ഞ ജീൻസ് പോലെയുള്ള 'മാന്യമല്ലാത്ത' വസ്ത്രങ്ങൾ കാമ്പസിനകത്ത് ധരിക്കില്ലെന്ന് സത്യവാങ്മൂലം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്.

'ആചാര്യ ജഗദീഷ് ചന്ദ്രബോസ് കോളേജിൽ പ്രവേശനം നേടിയ ശേഷം, കീറിയ ജീൻസുകളോ ഏതെങ്കിലും തരത്തിലുള്ള മാന്യമല്ലാത്ത വസ്ത്രങ്ങളോ ധരിച്ച് ഞാൻ ഒരിക്കലും കോളേജ് പരിസരത്ത് പ്രവേശിക്കില്ല. എന്റെ പഠന കാലയളവിൽ ഞാൻ സാധാരണ വസ്ത്രങ്ങൾ ധരിക്കുമെന്ന് ഉറപ്പുനൽകുന്നു', എന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. വിദ്യാർഥികളുടെ രക്ഷിതാക്കളോടും ഇക്കാര്യത്തിൽ സമ്മതപത്രം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷവും സമാനമായി കോളേജ് നോട്ടീസ് പുറത്തിറക്കിയിരുന്നു.

കോളേജിൽ കീറിപ്പറിഞ്ഞ ജീൻസ് ധരിച്ചെത്തുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഇത്തരം ഒരു നോട്ടീസ് പുറത്തിറക്കിയതെന്ന് പ്രിൻസിപ്പൽ പൂർണ ചന്ദ്ര മെയ്തി പറഞ്ഞു. അത്തരം വസ്ത്രങ്ങൾ ധരിച്ചുകൊണ്ടല്ല വിദ്യാർഥികൾ കോളേജിൽ എത്തേണ്ടത്. മാന്യമല്ലാത്ത വസ്ത്രങ്ങൾ ഒരിക്കലും കോളേജിൽ അനുവദിക്കില്ല. അതുകൊണ്ടാണ് കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും നിർദേശം മുന്നോട്ടുവെച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർഥികൾക്ക് കോളേജിന് പുറത്ത് എന്തുവേണമെങ്കിലും ധരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളും രക്ഷിതാക്കളും സത്യവാങ്മൂലത്തിൽ ഒപ്പിട്ടതിനുശേഷം മാത്രമേ അഡ്മിഷൻ പൂർത്തിയാക്കാൻ കഴിയൂവെന്നും പ്രിൻസിപ്പൽ പറഞ്ഞു. കീറിയ വസ്ത്രങ്ങൾ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് അനുയോജ്യമല്ല. വിദ്യാർത്ഥികൾ കോളേജിന്റെ നിയമങ്ങൾ പാലിക്കുകയും അനുയോജ്യമായ രീതിയിൽ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അറിയുകയും വേണമെന്നും മെയ്തി പറഞ്ഞു. കോളേജിന്റെ നടപടിക്കെതിരെ നിരവധി വിദ്യാർഥികൾ രംഗത്തുവന്നു.

dot image
To advertise here,contact us
dot image