/topnews/national/2023/09/01/breakfast-scheme-copies-of-dinamalar-newspaper-burnt-in-tamil-nadu

പ്രഭാത ഭക്ഷണ പദ്ധതിയെ അധിക്ഷേപിച്ച് ദിനമലര് പത്രം; കടുത്ത പ്രതിഷേധം, രൂക്ഷമറുപടിയുമായി സ്റ്റാലിന്

പ്രഭാത ഭക്ഷണ പരിപാടി നടപ്പിലാക്കിയതോടെ സ്ക്കൂളിലെ ശൗചാലയങ്ങള് നിറഞ്ഞൊഴുകുകയാണെന്ന പരിഹാസത്തോടെയായിരുന്നു ദിനമലര് പത്രത്തിന്റെ ഒന്നാം പേജില് വാര്ത്ത പ്രത്യക്ഷപ്പെട്ടത്

dot image

ചെന്നൈ: സ്കൂള് കുട്ടികള്ക്കായി സംസ്ഥാന സര്ക്കാര് നടപ്പിലാക്കിയ പ്രഭാത ഭക്ഷണ പദ്ധതിയെ അധിക്ഷേപിച്ച ദിനമലര് പത്രത്തിനെതിരെ തമിഴ്നാട്ടില് പ്രതിഷേധം ശക്തമാവുന്നു. പത്രത്തിനെതിരെ രൂക്ഷവിമര്ശനവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തി. ചന്ദ്രനിലേക്ക് ചന്ദ്രയാന് വിടുന്ന ഇക്കാലത്ത് സനാതന ധര്മ്മക്കാര് ഇത്തരമൊരു തലക്കെട്ട് ഇട്ടുവെങ്കില് നൂറാണ്ട് മുമ്പവര് എന്തെല്ലാം കളി കളിച്ചിട്ടുണ്ടാവുമെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. ഇക്കൂട്ടരുടെ അക്രമം ഇന്നും തീര്ന്നിട്ടില്ല. പ്രവൃത്തിയെ കഠിനമായി അപലപിക്കുന്നുവെന്നും സ്റ്റാലിന് എക്സില് കുറിച്ചു.

'ഉഴുവാന് ഒരു കൂട്ടര്, ഉണ്ടുകൊഴുക്കാന് മറ്റൊരു കൂട്ടര് എന്ന അവസ്ഥ നിലനിന്ന മനുവാദികളുടെ കാലത്ത് സമൂഹനീതി കാക്കുവാന് വേണ്ടി ഉണ്ടായതാണ് ദ്രാവിഡ പ്രസ്ഥാനം. ശൂദ്രന് എന്തുകൊടുത്താലും വിദ്യാഭ്യാസം മാത്രം കൊടുക്കരുത് എന്ന നിയമം തകര്ത്താണ് ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഭരണം വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചത്. ചന്ദ്രനിലേക്ക് ചന്ദ്രയാന് വിടുന്ന ഈ കാലത്ത് സനാതന ധര്മക്കാര് ഇങ്ങനെയൊരു തലക്കെട്ട് ഇട്ടുവെങ്കില് നൂറാണ്ടു മുമ്പിവര് ഏതെല്ലാം കളി കളിച്ചിട്ടുണ്ടാകണം? അന്ന് കീഴാളന്റെ നില എന്തായിരുന്നിരിക്കണം? ഇക്കൂട്ടരുടെ അക്രമം ഇന്നും തീര്ന്നിട്ടില്ല. ഞാന് കഠിനമായി അപലപിക്കുന്നു.' എന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്.

ഇതിന് പിന്നാലെ, 'ഈ കുട്ടികളുടെ സന്തോഷത്തിനുമുമ്പ് എല്ലാ കള്ളപ്രചാരണങ്ങളും ഇല്ലാതാകും' എന്നും സ്റ്റാലിന് കുറിച്ചു. പ്രഭാത ഭക്ഷണ പദ്ധതിയെ പിന്തുണച്ച് കുട്ടികള് ബോര്ഡില് വരച്ച ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്.

പ്രഭാത ഭക്ഷണ പരിപാടി നടപ്പിലാക്കിയതോടെ സ്ക്കൂളിലെ ശൗചാലയങ്ങള് നിറഞ്ഞൊഴുകുകയാണെന്ന പരിഹാസത്തോടെയായിരുന്നു ദിനമലര് പത്രത്തിന്റെ ഒന്നാം പേജില് വാര്ത്ത പ്രത്യക്ഷപ്പെട്ടത്. വീട്ടില് നിന്നും ഭക്ഷണം കഴിച്ച ശേഷം സ്കൂളിലെത്തിയും ഭക്ഷണം കഴിക്കുന്നതിനാല് കുട്ടികള്ക്ക് ശുചിമുറി കൂടുതല് ഉപയോഗിക്കേണ്ടി വരുമെന്ന് വാര്ത്തയില് പറയുന്നു. വാര്ത്ത പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പത്രവും പത്രത്തിന്റെ പരസ്യം പ്രദര്ശിപ്പിച്ച ബാനറുകളും പ്രതിഷേധക്കാര് കത്തിച്ചു.

പ്രൈമറി സ്കൂള് കുട്ടികള്ക്കുള്ളതാണ് തമിഴ്നാട്ടിലെ പ്രഭാത ഭക്ഷണപരിപാടി. 31,008 സ്കൂളിലെ 17 ലക്ഷം വിദ്യാര്ത്ഥികള്ക്ക് പദ്ധതി പ്രയോജനപ്പെടും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us