ബ്രിക്സ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു

ആഗസ്റ്റ് 25 ന് പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കും

dot image

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. ഈ മാസം 22 മുതൽ 24 വരെയാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ബ്രിക്സിലെ അംഗരാഷ്ട്രങ്ങളുടെ തലവൻമാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തിയേക്കും. ഇന്ത്യ-സൗത്ത് ആഫ്രിക്ക നയതന്ത്ര ബന്ധത്തിന്റെ മുപ്പതാം വാർഷിക വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ആഗസ്റ്റ് 25 ന് പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കും.

അതിർത്തി വിഷയമടക്കം കൂടിക്കാഴ്ച്ചയിൽ ചർച്ചയാകുമെന്നാണ് വിവരം. ഏകീകൃത കറൻസി, പാക്കിസ്താന്റെ അംഗത്വം തുടങ്ങിയ വിഷയങ്ങളെ ഇന്ത്യ എതിർക്കും. റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ ഓൺലൈനായാണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുക. ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ സംഘത്തെ നയിക്കുന്നത് വിദേശകാര്യ മന്ത്രി സെർജി ലവ്റോവാണ്.

ഉച്ചകോടി നടക്കുന്നതിനിടയിൽ പുടിനെ അറസ്റ്റ് ചെയ്തേക്കാമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുടിൻ ബ്രിക്സിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അന്താരാഷ്ട്ര കോടതിയുമായി ധാരണയുള്ളതിനാൽ ഈ അറസ്റ്റ് വാറണ്ട് പാലിക്കാൻ ദക്ഷിണാഫ്രിക്ക ബാധ്യസ്ഥരാണ്.

കൊവിഡിന് ശേഷമുളള ആദ്യത്തെ ഉച്ചകോടിയാണ് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നടക്കുന്നത്. മൂന്ന് ദിവസമാണ് പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിൽ തങ്ങുക. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തിയേക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു. ഇതിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുളള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച പ്രധാനമാണ്.കഴിഞ്ഞ നവംബറിൽ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ മോദിയും ഷി ജിൻപിങും അത്താഴവിരുന്നിൽ ഹ്രസ്വ കൂടിക്കാഴ്ച നടത്തിയിരുന്നു.

dot image
To advertise here,contact us
dot image