'പാർട്ടി പരിപാടി അലങ്കോലമാക്കാൻ ബിജെപി കാളകളെ അഴിച്ചുവിട്ടു'; ആരോപണവുമായി അഖിലേഷ് യാദവ്

'നിങ്ങളുടെ യാത്രകളിൽ നിങ്ങൾ കാളകളെ കാണും, നിങ്ങൾക്ക് കഴിയുമെങ്കിൽ യാത്ര തുടരുക'

dot image

ലഖ്നൗ: പാർട്ടിയുടെ പരിപാടി അലങ്കോലമാക്കാൻ ബിജെപി വിവിധ സ്ഥലങ്ങളിൽ കാളകളെ വിട്ടയച്ചുവെന്ന ആരോപണവുമായി സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർ പ്രദേശിലെ ബന്ദയ്ക്കും ഫത്തേപൂർ ജില്ലകൾക്കും ഇടയിൽ പലയിടത്തും കാളകളെ വിട്ടയച്ചിരിക്കുകയാണ്. ഫത്തേപൂരിലേക്കുളള വഴിയിൽ തന്റെ വാഹനവ്യൂഹം കാളകളെ ഇടിക്കേണ്ടതായിരുന്നു. വാഹനം കാളകളെ ഇടിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഫത്തേപൂരിലെ പാർട്ടിയുടെ പരിപാടി അട്ടിമറിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം ബിജെപി കാളകളെ വിട്ടയച്ചതെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

ഫത്തേപൂരിൽ പാർട്ടിയുടെ ലോക് ജാൻ അഭിയാൻ എന്ന ക്യാമ്പിൽ പങ്കെടുക്കാൻ പോകവെയാണ് വഴിയിൽ തടസ്സമായി നിരവധി കാളകളെ കണ്ടത്. കാളകളെ തന്റെ വാഹനം ഇടിക്കേണ്ടതായിരുന്നെന്നും അഖിലേഷ് യാദവ് പറഞ്ഞു. വാഹനം കടന്നു പോകവെ റോഡ് മുറിച്ച് കടക്കുന്ന കാളയുടെ വീഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അഖിലേഷിന്റെ ആരോപണം.

'നിങ്ങളുടെ യാത്രകളിൽ നിങ്ങൾ കാളകളെ കാണും, നിങ്ങൾക്ക് കഴിയുമെങ്കിൽ തുടരുക. യുപിയിൽ യാത്ര വളരെ ദുഷ്കരമാണ്, നിങ്ങൾക്ക് കഴിയുമെങ്കിൽ തുടരുക,' അദ്ദേഹം 'എക്സി'ൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പറഞ്ഞു.

സമാജ്വാദി പാർട്ടിയുടെ ക്യാമ്പിൽ ബിജെപിക്കെതിരെ അഖിലേഷ് യാദവ് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ബിജെപി നേതാക്കൾ യാതൊരു മടിയും കൂടാതെ ദൈവനാമത്തിൽ കള്ളസത്യങ്ങളും നുണകളും പറയുന്നുവെന്ന് അഖിലേഷ് വിമർശിച്ചിരുന്നു. മണിപ്പൂരിലെ വംശീയ അക്രമത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച അദ്ദേഹം അത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റം ഇന്ത്യൻ സംസ്കാരവുമായാണ് ഏറ്റുമുട്ടുന്നതെന്നും പറഞ്ഞു. ബിജെപിയുടെ വിഭജന രാഷ്ട്രീയമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇൻഡ്യ'യുടെ രൂപീകരണത്തിന് ശേഷം ആദ്യമായാണ് സമാജ്വാദി പാർട്ടി ക്യാമ്പ് സംഘടിപ്പിച്ചത്.

dot image
To advertise here,contact us
dot image