
സിംല: ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും അതിശക്തമായ മഴ തുടരുന്നു. മഴക്കെടുതിയിൽ ഇരു സംസ്ഥാനങ്ങളിലുമായി 81 പേർ മരിച്ചു. ഹിമാചലിലും ഉത്തരാഖണ്ഡിലും വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടതും ശക്തവുമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഹിമാചൽ പ്രദേശിൽ നിന്ന് മാത്രം ബുധനാഴ്ച 71 പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. 13 പേരെ കാണാതായിട്ടുണ്ട്. ഞായറാഴ്ച 57 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നുവെന്ന് ഹിമാചൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഓങ്കാർ ചന്ദ് ശർമ്മ പറഞ്ഞു. വിവിധ ജില്ലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. സിംല, സമ്മർ ഹിൽ, ഫാഗ്ലി, കൃഷ്ണ നഗർ എന്നിവിടങ്ങളിലും ഉരുൾപൊട്ടൽ രൂക്ഷമാണ്.
ജൂൺ 24 ന് കാലവർഷം ആരംഭിച്ചത് മുതൽ ഉണ്ടായിട്ടുളള നാശനഷ്ടങ്ങളിൽ ആകെ 214 മൃതദേഹങ്ങൾ കണ്ടെത്തി, 38 പേരെ ഇപ്പോഴും കാണാനില്ലെന്നും സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ കണക്കിൽ പറയുന്നു. സമ്മർ ഹില്ലിലും കൃഷ്ണനഗർ മേഖലയിലും രക്ഷാപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സമ്മർ ഹില്ലിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തിയതായി സിംല ഡെപ്യൂട്ടി കമ്മീഷ്ണർ ആദിത്യ നേഗി പിടിഐയോട് പറഞ്ഞു.
സമ്മർ ഹില്ലിൽ നിന്ന് 13 മൃതദേഹങ്ങളും ഫാഗ്ലിയിൽ നിന്ന് അഞ്ചും കൃഷ്ണ നഗറിൽ നിന്ന് രണ്ട് മൃതദേഹങ്ങളും ഇതുവരെ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഇടിഞ്ഞുവീണ സമ്മർ ഹില്ലിലെ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ചില ആളുകൾ മരിച്ചുകിടക്കുന്നുണ്ടെന്നാണ് വിവരം. ഉരുൾപൊട്ടൽ ഭീഷണിയും ശക്തമായ മഴയും കാരണം നിരവധിയാളുകൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിച്ചുതുടങ്ങിയിട്ടുണ്ട്. 15 കുടുംബങ്ങളെ കൃഷ്ണനഗറിൽ നിന്ന് മാറ്റിതാമസിപ്പിച്ചു.
പൗരി-കോട്ദ്വാർ-ദുഗദ്ദ ദേശീയ പാതയായ അംസൗറിൽ മണ്ണിടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ടു. ഋഷികേശ്-ബദ്രിനാഥ് ദേശീയ പാതയുടെ ഒരു ഭാഗം പിപാൽകോട്ടി ഭരൻപാനിക്ക് സമീപം ഒലിച്ചുപോയതായി സംസ്ഥാന ദുരന്ത നിയന്ത്രണ റൂം അറിയിച്ചു.
പോങ്, ഭക്ര അണക്കെട്ടുകളിലെ അധിക ജലം തുറന്നുവിട്ടതിനെ തുടർന്ന് പഞ്ചാബിലെ ഹോഷിയാർപൂർ, ഗുരുദാസ്പൂർ, രൂപ്നഗർ ജില്ലകളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ സിങ് പറഞ്ഞു. പോങ്, ഭക്ര എന്നീ അണക്കെട്ടുകളിലെ ജലനിരപ്പ് യഥാക്രമം 1,677 അടിയിലും 1,398 അടിയിലുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.