
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ സുരക്ഷ ശക്തമാക്കി. വിഘടനവാദ സംഘടനകൾ സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് നടപടി. ദേശീയ പാതാക ഉപരോധവും ബന്ദും വിഘടനവാദ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇംഫാൽ താഴ്വര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിഘടനവാദ സംഘടനകളുടെ കൂട്ടായ്മയായ കോർഡിനേഷൻ കമ്മറ്റിയാണ് സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തത്. സ്വാതന്ത്ര്യ ദിനത്തിൽ ജനങ്ങൾ വീട്ടിനുള്ളിൽ തന്നെ കഴിയണമെന്നും ത്രിവർണ്ണ പതാക ഉയർത്തരുതെന്നും വിഘടനവാദ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കുക്കി-മെയ്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ സൈന്യവും പൊലീസും ജാഗ്രതയിലാണ്.
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഡൽഹി ഉൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തിപ്പെടുത്തുമെന്നാണ് രഹസ്യ അന്വേഷണ ഏജൻസി നൽകുന്ന മുന്നറിയിപ്പ്. മണിപ്പൂർ വിഷയത്തിൽ ഡൽഹിയിൽ ജന്തിർ മന്തിർ ഉൾപ്പടെയുള്ളിടത്ത് പ്രതിഷേധം നടക്കുന്നുണ്ട്. സ്വാതന്ത്രദിനത്തിൽ ചെങ്കോട്ട പരിസരത്തേക്ക് പ്രതിഷേധം എത്തുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഡൽഹി കേന്ദ്രീകരിച്ചുകൊണ്ട് സുരക്ഷ വർധിപ്പിച്ചിരുന്നു. 10,000ത്തിലധികം പൊലീസുകാരെയാണ് ഡൽഹിയിൽ മാത്രം വിവിധ മേഖലകളിലായി വിന്യസിപ്പിച്ചിരിക്കുന്നത്.
ആന്റി ഡ്രോൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കർശന പരിശോധനയാണ് നടക്കുന്നത്. ഡൽഹിയിലേക്ക് ഇന്ന് കടത്തിവിടുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ട്രാഫിക് പൊലീസ് പരിശോധനകൾ നടത്തുന്നുണ്ട്.
ജമ്മു കശ്മീർ പോലുള്ള സ്ഥലങ്ങളിലും ജാഗ്രത പുലർത്തുന്നുണ്ട്. അതിർത്തിയിൽ നുഴഞ്ഞു കയറ്റം ഉൾപ്പടെയുള്ള പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പരിശോധനകളും നടക്കുന്നുണ്ടെന്ന് സൈന്യം വ്യക്തമാക്കി.