
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ രാജ്യത്ത് അവസാന ഘട്ടത്തിൽ. 10,000-ത്തിലധികം പൊലീസുകാരെ നഗരത്തിലുടനീളം വിന്യസിക്കുമെന്നും രാജ്യ തലസ്ഥാനം സുരക്ഷിതമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആഘോഷവേളകളിൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും.
ഇന്ത്യ - പാക്കിസ്ഥാൻ വിഭജനത്തിന്റെ മുറിവുകളുടെ ഓർമദിനമായി ആചരിക്കാൻ ഇന്ന് കേന്ദ്രസർക്കാർ നിർദേശം നല്കിയിട്ടുണ്ട്. ദില്ലിയിലുൾപ്പടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദർശനങ്ങളും സെമിനാറുകളും കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.
സ്വാതന്ത്ര്യദിന ചടങ്ങിന്റെ സുരക്ഷാ ചുമതല ഡൽഹി പൊലീസിന് ഏറ്റെടുക്കാനായതിൽ അഭിമാനമുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുമൻ നാൽവ പറഞ്ഞു. നഗരത്തിലുടനീളം യാതൊരുവിധത്തിലുമുള്ള തടസങ്ങളില്ലാതെ ആഘോഷങ്ങൾ ഉറപ്പാക്കാൻ മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന വേദിയായ ചെങ്കോട്ടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന പരിപാടിക്കായി പോകുന്ന വഴിയിലുമായാണ് 10,000-ത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുള്ളത്. ആൻറി-സാബോട്ടേജ് ചെക്ക്, ആക്സസ് കൺട്രോൾ, ആന്റി ടെറർ സ്ക്വാഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇതിനിടെ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഇന്ത്യന് പതാക സാമൂഹിക മാധ്യമങ്ങളിലെ മുഖചിത്രമാക്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ സാമൂഹ മാധ്യമ അക്കൗണ്ടുകളിലും മുഖചിത്രം രാജ്യപതാകയാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ആഹ്വാനത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ അക്കൗണ്ടിലെ മുഖ്യചിത്രവും മാറ്റിയിട്ടുണ്ട്. ദേശീയ പതാകയുടെ ചിത്രമാണ് മോദി സ്വന്തം അക്കൗണ്ടുകളില് മുഖചിത്രമാക്കിയിരിക്കുന്നത്.