
ബെംഗളൂരു: ദളിത് വിരുദ്ധ പരാമർശം നടത്തിയ കന്നഡ നടനും പ്രജാകീയ പാർട്ടി നേതാവുമായ ഉപേന്ദ്ര റാവുവിനെതിരായ കേസിന് സ്റ്റേ. വിവാദ പ്രസ്താവനക്കെതിരെ ലഭിച്ച പരാതിയിൽ താരത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രജാകീയ പാർട്ടിയുടെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഫേസ്ബുക്ക് ലൈവിലായിരുന്നു വിവാദ പരാമർശം. എസ്സി/എസ്ടി നിയമപ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആറിന് കർണാടക ഹൈക്കോടതിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്.
എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള കുറ്റങ്ങൾ ആരോപിച്ച് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉപേന്ദ്ര കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡർ ഇടക്കാല സ്റ്റേ അനുവദിച്ചു. 'ഒരു കന്നഡ പഴഞ്ചൊല്ല് ഉപയോഗിച്ചതിന് ഹർജിക്കാരനെതിരെ പ്രസിദ്ധി ആഗ്രഹിച്ച് ചിലർ നൽകിയിരിക്കുന്ന പരാതി വ്യാജമാണ്. ഹർജിക്കാരൻ ദളിതരെയോ എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ടവരെയോ അപമാനിച്ചിട്ടില്ല,' എന്നാണ് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉപേന്ദ്രയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞത്.
പ്രതിഷേധത്തെ തുടർന്ന് നടൻ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് മാപ്പ് പറയുകയും ചെയ്തു. 'ഞാൻ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം ലൈവുകളിൽ ഒരു പഴഞ്ചൊല്ല് ഉപയോഗിച്ചു. അത് പലരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതായി കണ്ടെത്തിയ ഉടൻ തന്നെ ആ ലൈവ് വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ആ വാക്കുകളിൽ ഖേദിക്കുന്നു,” എന്നാണ് ഉപേന്ദ്ര പറഞ്ഞത്.
Story Highlights: Case Against Kannada Actor Upendra Over Alleged Casteist Remark Put On Hold