
അഗര്ത്തല: ത്രിപുരയില് രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില് ഭരണകക്ഷിയായ ബിജെപിക്കെതിരെ ഏക സ്ഥാനാര്ത്ഥിയെ മത്സരിപ്പിക്കാന് തീരുമാനിച്ച് പ്രതിപക്ഷ കക്ഷികള്. ധന്പൂര്, ബോക്സ്നഗര് മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബര് അഞ്ചിനാണ് തിരഞ്ഞെടുപ്പ്.
സിപിഐഎം, കോണ്ഗ്രസ്, ടിപ്ര മോത്ത എന്നീ പ്രതിപക്ഷ പാര്ട്ടികളുടെ യോഗത്തിലാണ് ഐക്യ സ്ഥാനാര്ത്ഥിയെ മത്സരിപ്പിക്കാന് തീരുമാനിച്ചത്. രണ്ട് മണ്ഡലങ്ങളിലും സിപിഐഎം സ്ഥാനാര്ത്ഥിയായിരിക്കും മത്സരിക്കുക. ഇവിടെ സ്വന്തം നിലക്ക് മത്സരിക്കില്ല എന്ന തീരുമാനം യോഗത്തില് കോണ്ഗ്രസും ടിപ്രയുമെടുക്കുകയായിരുന്നു.
കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് ആശിഷ് സാഹ, പ്രതിപക്ഷ നേതാവും ടിപ്ര മോത്ത മുതിര്ന്ന നേതാവുമായ അനിമേഷ് ദേബര്മ്മ, സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി എന്നിവര് പങ്കെടുത്ത യോഗത്തിലാണ് ഏക സ്ഥാനാര്ത്ഥി എന്ന തീരുമാനത്തിലേക്ക് എത്തിയത്.
നിയമസഭ തിരഞ്ഞെടുപ്പില് കേന്ദ്രമന്ത്രിയായ പ്രതിമ ഭൗമിക്കാണ് ധന്പൂരില് വിജയിച്ചത്. പ്രതിമയുടെ ലോക്സഭാംഗത്വം നിലനിര്ത്താന് ബിജെപി തീരുമാനിച്ചതോടെയാണ് മണ്ഡലത്തില് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സിപിഐഎം നേതാവും മുന് മുഖ്യമന്ത്രിയുമായ മണിക് സര്ക്കാര് നാല് തവണ വിജയിച്ച മണ്ഡലമാണ് ധന്പൂര്. മണിക് സര്ക്കാര് കഴിഞ്ഞ തവണ മത്സര രംഗത്തുണ്ടായിരുന്നില്ല. പകരമിറക്കിയ യുവനേതാവ് പ്രതിമ ഭൗമിക്കിനോട് പരാജയപ്പെടുകയായിരുന്നു.
ബോക്സ്നഗര് എംഎല്എയായിരുന്ന സിപിഐഎം നേതാവ് സംസുല് ഹഖ് അന്തരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ 25 വര്ഷമായി സിപിഐഎമ്മാണ് ഇവിടെ വിജയിക്കുന്നത്.