അടച്ചിട്ട മുറിയിൽ ശരത് പവാറിന്റേയും അജിതിന്റേയും കൂടിക്കാഴ്ച; അജണ്ടയറിയാതെ എൻസിപി നേതാക്കൾ, അഭ്യൂഹം

കൂടിക്കാഴ്ചയിൽ എന്താണ് ചർച്ചയായതെന്ന് അറിയില്ലെന്ന് എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ ജയന്ത് പാട്ടീൽ

dot image

മുംബൈ: പിളർപ്പുകൾക്കും പിണക്കങ്ങൾക്കും ശേഷം അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി എൻസിപി അദ്ധ്യക്ഷൻ ശരത് പവാറും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും. പുനെയിൽ വ്യവസായിയായ അതുൽ ചോർദിയയുടെ കൊറേഗാവ് പാർക്കിലെ വീട്ടിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇത് വാർത്തയായതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും അഭ്യൂഹങ്ങൾ ഉയർന്നിരിക്കുകയാണ്.

എന്നാൽ കൂടിക്കാഴ്ചയിൽ എന്താണ് ചർച്ചയായതെന്ന് അറിയില്ലെന്ന് എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ ജയന്ത് പാട്ടീൽ പറഞ്ഞു. താൻ നേരത്തെ ഇറങ്ങി, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇത് ഒരു രഹസ്യ മീറ്റിംഗ് ആയിരുന്നില്ലെന്നും ജയന്ത് പാട്ടീൽ കൂട്ടിച്ചേർത്തു. ശരദ് പവാർ മറ്റൊരു ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതുവരെ കൂടിക്കാഴ്ച വൈകുന്നേരം 4.45 വരെ നീണ്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും ജയന്ത് പാട്ടീലും വൈകിട്ട് 6.30 വരെ വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

'ഞാൻ ശരത് പവാറിനൊപ്പം ഒരു പരിചയക്കാരന്റെ അടുത്തേക്ക് പോയി. അവിടെ നിന്ന് നേരത്തെ ഇറങ്ങി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല,' ജയന്ത് പാട്ടീൽ പറഞ്ഞു. അജിത് പവാർ വിഭാഗത്തിൽ ചേരുമോ എന്ന ചോദ്യത്തിനും ജയന്ത് പാട്ടീൽ മറുപടി നൽകി. ഇക്കാര്യത്തിൽ താൻ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. ശരത് പവാറിനൊപ്പം തന്നെയാണ് താൻ, നിങ്ങളുടെ മനസ്സിൽ ഒരു സംശയവും വയ്ക്കരുതെന്നും പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.

കൂടിക്കാഴ്ചയെ കുറിച്ച് അവരോട് ചോദിക്കണമെന്നായിരുന്നു എൻസിപി നേതാവ് അമോൽ മിത്കരിയുടെ പ്രതികരണം. കൂടിക്കാഴ്ചയിൽ എന്താണ് ചർച്ചയായതെന്ന് അജിത് പവാറിനോടും ശരത് പവാറിനോടും ജയന്ത് പാട്ടീലിനോടും ചോദിക്കണമെന്നായിരുന്നു ബിജെപി എംഎല്എ അതുല് ഭട്ഖാല്ക്കറിന്റെ പ്രതികരണം.

പിളർപ്പിന് ശേഷം, ഒന്നിക്കണമെന്ന ആവശ്യവുമായി അജിത് പവാർ ഒന്നിലേറെ തവണ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇത്തവണ അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്. ഇരുപക്ഷങ്ങളുടേയും ലയനമടക്കം കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ശനിയാഴ്ച അജിത് പവാറും ദേവേന്ദ്ര ഫഡ്നാവിസും പങ്കെടുത്ത പരിപാടിയിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അസാന്നിധ്യം ചർച്ചയായിട്ടുണ്ട്. പുനെയിലെ ചൗന്ദ്നി ചൗക്കിലെ മേല്പ്പാലം ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്താതിരുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഷിൻഡെ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് അജിത് പവാർ പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image